

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ നടത്തിയ ആരോപണങ്ങള്‍ ശരിവെച്ച് നീന കുറുപ്പിന്റെ പരാതി. അന്‍സിബ മാധ്യമങ്ങളോട് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ ടിനി ടോമിനെതിരെ നീന കുറുപ്പ് 'അമ്മ'യില്‍ പരാതി നല്‍കിയിരുന്നു. മെയ് 12നാണ് പരാതി നല്‍കിയത്. ടിനി ടോമിന്റെ ആവര്‍ത്തിച്ചുള്ള അസഭ്യവും അംഗീകരിക്കാനാകാത്ത പെരുമാറ്റവും അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
അമ്മ കുടുംബ സംഗമത്തിന്റെ റിഹേഴ്‌സലില്‍ ടിനി ടോം തന്നെ പരസ്യമായി അപമാനിച്ചെന്നും അസഭ്യവും അശ്ലീല പ്രയോഗവും നടത്തിയെന്നും നീന കുറുപ്പ് പറഞ്ഞു. ശാരീരികമായി ആക്രമിക്കാനും ശ്രമിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി. ടിനി ടോമിന്റെ പെരുമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും നീന കുറുപ്പിന്റെ പരാതിയില്‍ പറയുന്നു.
വ്യക്തികളെ മാത്രമല്ല കുടുംബാംഗങ്ങളെയും അപമാനിക്കുന്നുവെന്നും നീന കുറുപ്പിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒരു സഹ എക്‌സിക്യൂട്ടീവ് അംഗത്തിന്റെ മേല്‍ മതതീവ്രവാദവും മതപരിവര്‍ത്തന ശ്രമങ്ങളും ആരോപിക്കുന്നതിന് താന്‍ സാക്ഷിയാണെന്നുമാണ് നീന കുറുപ്പിന്റെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും മതതീവ്രവാദി എന്ന് വിളിച്ചെന്നുമുള്ള ആരോപണങ്ങള്‍ അന്‍സിബ റിപ്പോര്‍ട്ടറിലൂടെ തുറന്നു പറഞ്ഞിരുന്നു. തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും ഇക്കാരണങ്ങളാലാണ് അമ്മയില്‍ നിന്ന് താന്‍ രാജിവെച്ചതെന്നുമാണ് അന്‍സിബയുടെ മറുപടി.
പിന്നാലെ പരാതി ആസൂത്രിതമാണെന്നായിരുന്നു പ്രസിഡന്റ് ശ്വേതാ മേനോന്റെ ആരോപണം. അന്‍സിബ ടിനി ടോമിനെതിരെ പരാതി പറഞ്ഞിട്ടില്ലെന്നും ശ്വേത പറഞ്ഞു. അന്‍സിബയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോമും രംഗത്തെത്തിയിരുന്നു. സ്വന്തം തിരക്കുകള്‍ മൂലമാണ് രാജിവയ്ക്കുന്നത് എന്നാണ് അന്‍സിബ നേരത്തെ പറഞ്ഞിരുന്നതെന്നും പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുളള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് ടിനി ടോം പറഞ്ഞത്. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും തന്റെ സുഹൃത്തുക്കളെല്ലാം മുസ്ലീങ്ങളാണെന്നും ടിനി പറഞ്ഞു.
പിന്നാലെ ടിനി ടോമിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അന്‍സിബ ഹസന്‍ പറഞ്ഞു. സ്വന്തം അഭിപ്രായം പറഞ്ഞതിനാലാകാം താന്‍ വേട്ടയാടപ്പെടുന്നതെന്നും എഎംഎംഎയില്‍ നിരവധി പരാതികള്‍ താന്‍ നല്‍കിയിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു. ടിനി ടോം പറഞ്ഞതിന് തെളിവുണ്ടെന്നും അദ്ദേഹത്തിന്റെ എഎംഎംഎ അംഗത്വം റദ്ദാക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. എഎംഎംഎയില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. താന്‍ തിരികെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കില്ലെന്നും അംഗമായി തുടരുമെന്നും അന്‍സിബ വ്യക്തമാക്കിയിരുന്നു.
Content Highlights: Ansiba hassan allegation against Tiny Tom Neena Kurupp also complaint against him