ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലിയെ DCC അംഗമാക്കാൻ നീക്കം; നാമനിര്‍ദ്ദേശം ചെയ്ത് DCC പ്രസിഡന്റ് സി പി മാത്യു

ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് നിഖിൽ പൈലി

ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലിയെ DCC അംഗമാക്കാൻ നീക്കം; നാമനിര്‍ദ്ദേശം ചെയ്ത് DCC പ്രസിഡന്റ് സി പി മാത്യു
dot image

ഇടുക്കി: ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അം​ഗമാക്കാൻ നീക്കം. ഡിസിസി പ്രസിഡൻ്റ് സി പി മാത്യുവാണ് നിഖിൽ പൈലിയടക്കം അഞ്ചുപേരെ നാമനിർദ്ദേശം ചെയ്‌തത്. മജോ കാരിമുട്ടം, ജോയി വടക്കേടം, വർക്കി ആലയ്ക്കാപ്പറമ്പിൽ, ജോർജ് ജോസഫ് എന്നിവരെയാണ് നിഖിൽ പൈലിക്ക് പുറമേ നാമനിർദ്ദേശം ചെയ്തത്. ഇടുക്കി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് നിഖിൽ പൈലി.

ഡിസിസി അംഗമായി നാമനിർദ്ദേശം ചെയ്‌തതിൽ നന്ദി അറിയിച്ച് നിഖിൽ പൈലി ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. കെപിസിസി പ്രസിഡൻ്റ്, മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ഡിസിസി പ്രസിഡൻ്റ് സി പി മാത്യു എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നിഖിൽ പൈലി കുറിപ്പ് പങ്കുവെച്ചത്. അതേസമയം, തന്റെ നിലപാടിൽ തെറ്റില്ല എന്നാണ് ഡിസിസി പ്രസിഡൻ്റ് സി പി മാത്യു പറയുന്നത്. ധീരജിനെ കുത്തിയ കത്തി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന മറുചോദ്യവും ഡിസിസി പ്രസിഡന്റ് ചോദിക്കുന്നുണ്ട്.

Also Read:

അതിനിടെ നിഖിൽ പൈലിയെ ഡിസിസി അം​ഗമാക്കാൻ നാമനിർദ്ദേശം ചെയ്‌തതിൽ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് വിജയവും, പുതിയ സർക്കാരുമാണ് കോൺഗ്രസ്സിനെ ഇത്തരം തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെങ്കിൽ ജനവിധി കൊലപാതകിയെ വിശുദ്ധനാക്കുന്നില്ലെന്നായിരുന്നു സഞ്ജീവിൻ്റെ പ്രതികരണം. 'കോൺഗ്രസ്സിന്റെ ഈ കൊലപാതകിയുടെ വാഴ്ത്തലിന് കനത്ത വില നൽകേണ്ടി വരും. കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. തളിപ്പറമ്പിലെ അദ്വൈതത്തിൽ ഇതെല്ലാം കണ്ടും കേട്ടും വേദനിക്കുന്ന ധീരജിന്റെ മാതാപിതാക്കളുടെ വേദനയ്ക്ക് നിങ്ങൾ ആഴം കൂട്ടുന്നു. മാപ്പില്ല കോൺഗ്രസ്സേ നിങ്ങൾക്ക്' എന്നാണ് സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചത്.

Also Read:

2022 ജനുവരി പത്തിനായിരുന്നു ധീരജ് കൊല്ലപ്പെടുന്നത്. ധീരജ് കൊല ചെയ്യപ്പെടുമ്പോൾ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു നിഖിൽ പൈലി. ധീരജിൻ്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത് നിഖിൽ പൈലിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ നിലവിൽ ജാമ്യത്തിലാണ് നിഖിൽ പൈലി.

'കോൺഗ്രസ്സിന്റെ ഈ കൊലപാതകിയുടെ വാഴ്ത്തലിനു കനത്ത വില നൽകേണ്ടി വരും. കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനങ്ങൾ ഇതെല്ലാം കാണുന്നു. തളിപ്പറമ്പിലെ അദ്വൈതത്തിൽ ഇതെല്ലാം കണ്ടും കേട്ടും വേദനിക്കുന്ന ധീരജിന്റെ മാതാപിതാക്കളുടെ വേദനയ്ക്ക് നിങ്ങൾ ആഴം കൂട്ടുന്നു. മാപ്പില്ല കോൺഗ്രസ്സേ നിങ്ങൾക്ക്' എന്നാണ് സഞ്ജീവ് ഫേസ് ബുക്കിൽ കുറിച്ചത്.

Content Highlights: The DCC has granted membership to Nikhil Paily, an accused in the Dheeraj murder case

dot image
To advertise here,contact us
dot image