നടപടിക്രമങ്ങൾ ലംഘൂകരിച്ചു; ബഹ്‌റൈനില്‍ ഡിജിറ്റല്‍-സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത

ജനുവരി 15 മുതല്‍ മെയ് 21 വരെയുള്ള കാലയളവില്‍ 14 പൊതുമേഖലാ സ്ഥാപനങ്ങളിലായി 64 സര്‍ക്കാര്‍ സേവനങ്ങളാണ് നവീകരിച്ചത്

നടപടിക്രമങ്ങൾ ലംഘൂകരിച്ചു; ബഹ്‌റൈനില്‍ ഡിജിറ്റല്‍-സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത
dot image

ബഹ്‌റൈനില്‍ ഡിജിറ്റല്‍-സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത. ജനുവരി മുതല്‍ മെയ് വരെ പൊതുമേഖലാ സ്ഥാപനങ്ങളിലായി 64 സര്‍ക്കാര്‍ സേവനങ്ങളാണ് നവീകരിച്ചത്. നടപടിക്രമങ്ങള്‍ ലളിതമാക്കുകയും അപേക്ഷകള്‍ക്ക് ആവശ്യമായ രേഖകളുടെ എണ്ണം കുറയ്ക്കുകയും സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള സമയം 25 ശതമാനം വരെ കുറക്കാനും ഇതിലൂടെ സാധിച്ചു.

ബഹ്റൈനില്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും ലളിതമായും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സര്‍ക്കാര്‍ മേഖലകളില്‍ ഡിജിറ്റല്‍വത്ക്കരണം നടപ്പിലാക്കിയത്. ജനുവരി 15 മുതല്‍ മെയ് 21 വരെയുള്ള കാലയളവില്‍ 14 പൊതുമേഖലാ സ്ഥാപനങ്ങളിലായി 64 സര്‍ക്കാര്‍ സേവനങ്ങളാണ് നവീകരിച്ചത്. ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങളുടെ കാര്യക്ഷത വര്‍ദ്ധിപ്പിക്കുക, നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, അപേക്ഷാ പ്രക്രിയകളിലെ കാലതാമസം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്.

ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കിയതും പുതിയ മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതോടൊപ്പം ക്യുആര്‍ കോഡ് പരിശോധന സംവിധാനത്തോടുകൂടി സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകളും അക്കാദമിക് ട്രാന്‍സ്‌ക്രിപ്റ്റുകളും ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ രേഖകളുടെ വിശ്വാസ്യത വേഗത്തില്‍ പരിശോധിക്കാനും അപേക്ഷാ നടപടികള്‍ എളുപ്പമാക്കാനും സാധിക്കും.

സ്വകാര്യ മേഖലയിലെ പ്ലാനിങ്, ഹെല്‍ത്ത് ലൈസന്‍സിങ് സേവനങ്ങള്‍ക്കും ഇനി കൂടുതല്‍ വേഗത്തിലുള്ള അനുമതി ലഭ്യമാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തിയതോടെ അപേക്ഷകള്‍ പരിശോധിക്കുന്നതിലും അംഗീകാരം നല്‍കുന്നതിലും മുമ്പുണ്ടായിരുന്ന കാലതാമസം വലിയ തോതില്‍ കുറക്കാനായി. ഇതിന് പുറമെ അപേക്ഷകള്‍ക്ക് ആവശ്യമായ രേഖകളുടെ എണ്ണം 50 ശതമാനം വരെ ചുരുക്കാനാകുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ഭൂരിഭാഗം സേവനങ്ങളും പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തതോടെ വിവിധ സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങള്‍ ഏകോപിപ്പിച്ച് ഒരൊറ്റ സംവിധാനത്തിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന രീതിയിലേക്കാണ് രാജ്യം മുന്നേറുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായ ഭരണസേവനങ്ങള്‍ ഉറപ്പാക്കുക എന്നതാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: Bahrain has moved to expand the use and acceptance of digital government services by easing administrative procedures. The initiative aims to improve service efficiency, reduce paperwork, and enhance the overall user experience for residents and citizens.

dot image
To advertise here,contact us
dot image