'ദീപാ ജോസഫ് നിരന്തരം വേട്ടയാടുന്നു'; മുഖ്യമന്ത്രിക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത

മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ടെന്നും താന്‍ സമൂഹമധ്യേ നിരന്തരം അപമാനിക്കപ്പെടുന്നു എന്നും പരാതിയില്‍ അതിജീവിത പറയുന്നു

'ദീപാ ജോസഫ് നിരന്തരം വേട്ടയാടുന്നു'; മുഖ്യമന്ത്രിക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത
dot image

ന്യൂഡല്‍ഹി: സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ അതിജീവിതയുടെ പരാതി. മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമാണ് അതിജീവിത പരാതി നല്‍കിയത്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ദീപാ ജോസഫ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അതിജീവിത ആരോപിക്കുന്നത്. മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ടെന്നും താന്‍ സമൂഹമധ്യേ നിരന്തരം അപമാനിക്കപ്പെടുന്നു എന്നും പരാതിയില്‍ അതിജീവിത പറയുന്നു. ദീപാ ജോസഫ് എന്ന വ്യക്തി നിരന്തരം വേട്ടയാടുകയാണ്. ഡല്‍ഹിയില്‍ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങളാണ് ദീപ നടത്തിയത്. ഇക്കാര്യങ്ങള്‍ കൂടി അന്വേഷണപരിധിയില്‍ പെടുത്തണം. ദീപ ജോസഫിന്റെ അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അതിജീവിത ആവശ്യപ്പെട്ടു.

ഡല്‍ഹി കേരളാ ഹൗസ് വളപ്പില്‍വെച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതിനിടെയാണ് ദീപാ ജോസഫ് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചത്. 'മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഞാന്‍ വന്നത് അതിജീവിതയുടെയും രതിജീവിതയുടെയും കാര്യം പറയാനാണോ' എന്നായിരുന്നു ദീപാ ജോസഫിന്റെ അധിക്ഷേപ പരാമര്‍ശം. കേരളാ ഹൗസില്‍ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ദീപാ ജോസഫ്. സന്ദര്‍ശനത്തെക്കുറിച്ച് തത്സമയ വാര്‍ത്ത നല്‍കിക്കൊണ്ടിരുന്ന കൈരളി, റിപ്പോര്‍ട്ടര്‍ ചാനലുകളുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ദീപ തട്ടിക്കയറിയത്. വനിതാ മാധ്യമപ്രവര്‍ത്തകയെ എടി, നീ എന്ന് വിളിച്ച് അപമര്യാദയോടെ സംസാരിച്ച ദീപാ ജോസഫ് മൈക്ക് പിടിച്ചുവാങ്ങാനും ശ്രമം നടത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ അപഹസിച്ചതുമായി ബന്ധപ്പെട്ട് ദീപാ ജോസഫിനെതിനെതിരെ കേരളത്തില്‍ നിലവില്‍ കേസുകളുണ്ട്. ഈ കേസുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ദീപാ ജോസഫിന് നേരത്തെ ചീഫ് ജസ്റ്റിസുള്‍പ്പെട്ട ബെഞ്ചില്‍ നിന്ന് രൂക്ഷവിമര്‍ശനമുണ്ടായിരുന്നു.

കേരളാ ഹൗസ് വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായ സംഭവത്തില്‍ ദീപാ ജോസഫിനെതിരെ കെയുഡബ്ല്യുജെയും രംഗത്തെത്തി. ദീപാ ജോസഫിന്റെ നടപടി അപലപനീയമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തിയതും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതും അംഗീകരിക്കാനാവില്ല എന്നാണ് കെയുഡബ്ല്യുജെ പ്രതികരിച്ചത്. ദീപാ ജോസഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് തീര്‍ത്തും അപക്വമായ നടപടിയാണെന്നും മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നിയമനടപടികളിലേക്ക് കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം കടക്കുമെന്നും അറിയിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ വൈ എസ് അഭിനന്ദിനെയും കൈരളി ടിവി മാധ്യമപ്രവര്‍ത്തക ഫെമിനയെയുമാണ് ദീപാ ജോസഫ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

Content Highlights: 'Adv Deepa Joseph is constantly hunting'; Rahul Mamkootathil case victim complaint to cm

dot image
To advertise here,contact us
dot image