

കൊച്ചി: കുന്നത്തുനാട് എംഎല്‍എയായി വി പി സജീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ എംഎല്‍എ പി വി ശ്രീനിജിന്‍. കിഴക്കമ്പലം മലയിടംതുരുത്ത് നടക്കാവ് പാരിയത്ത്കാവ് ഉന്നതിയിലെ ദളിത് സമൂഹത്തിന്റെ നെഞ്ചില്‍ ചവിട്ടി നിന്ന് കൊണ്ട് കുന്നത്തുനാട് എംഎല്‍എ സത്യപ്രതിജ്ഞ നിര്‍വ്വഹിച്ചെന്ന് പി വി ശ്രീനിജിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മെയ് 23-ാം തീയതി അഭിഭാഷക കമ്മീഷന്‍ കുടിയൊഴിപ്പിക്കാന്‍ വീണ്ടും വരുന്നുണ്ടെന്നും കുന്നത്തുനാട് എംഎല്‍എ നേരിട്ട് വന്ന് തടയും എന്ന് കരുതാമെന്നും പി വി ശ്രീനിജിന്‍ കുറിച്ചു.
അതേസമയം പാരിയത്ത്കാവ് ഉന്നതിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 50ഓളം പേര്‍ക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. കഴിഞ്ഞ ദിവസം സ്ഥലത്ത് നിന്നും ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിലാണ് പൊലീസും കുടിയൊഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പിന്‍വാങ്ങിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍.
60 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഭൂമി തര്‍ക്കമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. ആകെയുള്ള 19.30 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ മലയിടംതുരുത്ത് ഉന്നതി സ്ഥിതി ചെയ്യുന്ന 2.65 ഏക്കര്‍ ഭൂമിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ഒഴിപ്പിച്ച ശേഷം അളന്നുതിരിക്കാനായിരുന്നു കോടതി നിര്‍ദേശം. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട ഭൂമിതര്‍ക്കക്കേസില്‍ നാല് വര്‍ഷം മുമ്പ് ഇയാള്‍ക്ക് അനുകൂലമായി വിധി വന്നിരുന്നു.
2023 സെപ്തംബറില്‍ കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അഭിഭാഷകന്‍ കമ്മീഷന്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. ഇത്തരത്തില്‍ പിന്നീടുള്ള 14 തവണയും ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ച് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പൊലീസ് സംഘവുമായി അഭിഭാഷക കമ്മീഷന്‍ വീണ്ടുമെത്തി ഒഴിപ്പിക്കല്‍ ആരംഭിച്ചതും സംഘര്‍ഷത്തില്‍ കലാശിച്ചതും. സംഘര്‍ഷം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പൊലീസ് നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പിന്നാലെ പി വി ശ്രീനിജിന്‍ സ്ഥലം സന്ദര്‍ശിക്കുകയും ആളുകളോട് സംസാരിക്കുകയും ചെയ്തിരുന്നു.
Content Highlights: PV Sreenijin against Kunnathunad MLA VP Sajeendran on Pariyathukavu issue