'പവര്‍ പ്ലേ കടക്കും മുമ്പ് തന്നെ അവർ നിന്നെ പൂട്ടും'; സഞ്ജുവിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിന് ഇന്ന് ഈ സീസണിലെ ജീവൻമരണ പോരാട്ടമാണ്.

'പവര്‍ പ്ലേ കടക്കും മുമ്പ് തന്നെ അവർ നിന്നെ പൂട്ടും'; സഞ്ജുവിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ
dot image

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിന് ഇന്ന് ഈ സീസണിലെ ജീവൻമരണ പോരാട്ടമാണ്. പ്ലേഓഫ് പ്രതീക്ഷകൾ നേരിയ തോതിലെങ്കിലും നിലനിർത്താൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്തിനെതിരെ ഇന്ന് ചെന്നൈക്ക് ജയം അനിവാര്യമാണ്.

അതേസമയം, മത്സരത്തിൽ ചെന്നൈയുടെ ഓപ്പണറും മലയാളി സൂപ്പർ താരവുമായ സഞ്ജുവിനെ വീഴ്ത്താൻ ഗില്ലിനും സംഘത്തിനും വ്യക്തമായ തന്ത്രങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ താരങ്ങള്‍.

'ഗുജറാത്ത് ടൈറ്റൻസിന്റെ പേസർമാരായ കാഗിസോ റബാഡയും മുഹമ്മഡ് സിറാജും ചേർന്ന് ചെന്നൈ ഓപണർ സഞ്ജു സാംസണെ പവര്‍ പ്ലേ കടക്കും മുമ്പ് തന്നെ പൂട്ടും', മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക്ക് ബൗച്ചറും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പരിശീലകൻ സഞ്ജയ് ബാംഗറും പ്രവചിച്ചു. സ്റ്റാർ സ്‌പോർട്‌സിൽ നടന്ന ചർച്ചയിൽ സംസാരിക്കുന്നതിനിടെയാണ് ഇരുവരും ഇന്നത്തെ മത്സരത്തിലെ സഞ്ജുവിന്‍റെ പുറത്താകലിനെക്കുറിച്ച് പ്രവചിച്ചത്. പവർപ്ലേയിൽ ലോകോത്തര പേസ് ബൗളർമാരെയാകും സഞ്ജുവിന് ഇന്ന് നേരിടേണ്ടി വരിക. പക്ഷെ സ്ഥിതിഗതികൾ പരിശോധിക്കുമ്പോൾ അവിടെ കാര്യങ്ങൾ ഗുജറാത്തിന് അനുകൂലമാകാനാണ് സാധ്യതകൾ.

'അഹമ്മദാബാദിലെ പിച്ച് പേസർമാരെ തുണയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ തീപ്പൊരി പന്തുകളുമായി വരുന്ന റബാഡയെയും സിറാജിനെയും സഞ്ജു ആക്രമിച്ചു നേരിടാൻ ശ്രമിക്കുന്നത് താരത്തിന് തിരിച്ചടിയാകും', ബൗച്ചർ വ്യക്തമാക്കി. ഈ സീസണിൽ സഞ്ജു ഒന്നോ രണ്ടോ തവണ ഷോർട്ട് പന്തുകളിൽ പുറത്തായിട്ടുണ്ടെന്നും ഗുജറാത്ത് ബൗളർമാർ ഇത് മുതലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ബെംഗളൂരു പരിശീലകൻ സഞ്ജയ് ബംഗാറും സഞ്ജുവിന് മുന്നിലുള്ള കടുത്ത വെല്ലുവിളിയെക്കുറിച്ച് സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. 'പവർപ്ലേയിൽ റബാഡയും സിറാജും മൂന്ന് ഓവർ വീതം എറിയാൻ സാധ്യതയുണ്ട്. ഇത് സഞ്ജുവിനെ കടുത്ത പരീക്ഷണത്തിലാക്കും', ബംഗാർ പറഞ്ഞുവച്ചു. റബാഡയും സിറാജും ഉള്ളപ്പോൾ ക്രീസിൽ അധികം മൂവ്‌മെന്‍റ് നടത്താൻ സഞ്ജുവിന് സാധിക്കില്ല. സഞ്ജുവിനെ എവിടെ എറിഞ്ഞ് വീഴ്ത്തണമെന്ന് അവർക്ക് കൃത്യമായി അറിയാം. അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി ചെന്നൈ ഏഴാം സ്ഥാനത്താണ്. അതേസമയം 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസ് പട്ടികയിൽ രണ്ടാം സ്ഥാനത്തും.

Content highlights: former-cricketers-warn-sanju-samson-about-powerplay-batting-strategy]

dot image
To advertise here,contact us
dot image