'CPIM യജമാനനും CPI അടിയാളനും, ഇടതുമുന്നണിക്ക് ഭരണം നഷ്ടമാക്കിയത് പിണറായിയും എം വി ഗോവിന്ദനും ബിനോയ് വിശ്വവും'

സിപിഐ കരുനാഗപ്പള്ളി, ഓച്ചിറ മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം

'CPIM യജമാനനും CPI അടിയാളനും, ഇടതുമുന്നണിക്ക് ഭരണം നഷ്ടമാക്കിയത് പിണറായിയും എം വി ഗോവിന്ദനും ബിനോയ് വിശ്വവും'
dot image

കൊല്ലം: സിപിഐ കരുനാഗപ്പള്ളി, ഓച്ചിറ മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം. ഇടത് മുന്നണിക്ക് ഭരണം നഷ്ടമാക്കിയത് പിണറായി വിജയനും എം വി ഗോവിന്ദനും ബിനോയ് വിശ്വവുമാണെന്നാണ് വിമര്‍ശനം. ധാര്‍ഷ്ട്യവും കണ്ണൂര്‍ ശൈലിയും പരാജയത്തിലേക്ക് നയിച്ചു. കെ രാജന്‍ ഒഴികെയുള്ള സിപിഐ മന്ത്രിമാര്‍ പരാജയമാണ്. മുല്ലക്കര രത്‌നാകരനെ പോലെയുള്ള ജനകീയ മുഖങ്ങളെ ഒഴിവാക്കിയെന്നും ആരോപണമുയര്‍ന്നു.

സിപിഐഎം യജമാനനും സിപിഐ അടിയാളനുമാണ്. വി എസിന്റെ മകന്‍ അരുണ്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കിയില്ല. സിപിഐയില്‍ യുവ നേതൃനിരയുടെ കുറവുണ്ട്. കരുനാഗപ്പള്ളിയില്‍ സിപിഐഎമ്മിലെ വിഭാഗീയത മൂലമാണ് സിപിഐ സ്ഥാനാര്‍ഥി പരാജയപ്പെട്ടതെന്നും സിപിഐ മണ്ഡലം കമ്മിറ്റികളില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം, വിമര്‍ശനവും സ്വയം വിമര്‍ശനവും ആണ് പാര്‍ട്ടിയുടെ കരുത്തെന്നും വിമര്‍ശനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കില്ലെന്നും മുതിര്‍ന്ന നേതാവ് എം വി ജയരാജന്‍ പ്രതികരിച്ചു. സദുദ്ദേശ വിമര്‍ശനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. കമ്മ്യൂണിസത്തില്‍ വിമര്‍ശനത്തിന് അതീതരായി ആരുമില്ലെന്നും ജയരാജന്‍ പറഞ്ഞു.

തെറ്റുപറ്റിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം. പറ്റുന്ന തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വം. വ്യക്തിപരമായ വിമര്‍ശനം ആയിട്ടല്ല തോല്‍വിയെ പാര്‍ട്ടി കാണുന്നത്. പ്രവര്‍ത്തനങ്ങളുടെ പോരായ്മയായിട്ടാണ് കാണുന്നതെങ്കില്‍ തിരുത്തും. തിരുത്തേണ്ടത് തിരുത്താനുള്ള അവസരമായി ഉയരുന്ന വിമര്‍ശനങ്ങളെ കാണണമെന്നും എം വി ജയരാജന്‍ പറഞ്ഞു. സിപിഐഎം നേതൃത്വത്തിനെതിരെ ജില്ലാ യോഗങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റേയും ഏകകണ്ഠമായ തീരുമാനം ആണ്. പിബിയുടെ അംഗീകാരം വാങ്ങിയതാണ്. ഇനി പുനഃപരിശോധന ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: critisism that Pinarayi MV Govindan and Binoy Viswam is the reason of ldf failure

dot image
To advertise here,contact us
dot image