'നാല് വോട്ടിന് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ അന്നത്തെ പ്രതിപക്ഷ നേതാവ് ഇന്ന് നിലപാട് മാറ്റി'

കമ്മ്യൂണിസത്തില്‍ വിമര്‍ശനത്തിന് അതീതരായി ആരുമില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു

'നാല് വോട്ടിന് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ അന്നത്തെ പ്രതിപക്ഷ നേതാവ് ഇന്ന് നിലപാട് മാറ്റി'
dot image

കൽപറ്റ: വിമര്‍ശനവും സ്വയം വിമര്‍ശനവും ആണ് പാര്‍ട്ടിയുടെ കരുത്തെന്നും വിമര്‍ശനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കില്ലെന്നും മുതിര്‍ന്ന നേതാവ് എം വി ജയരാജന്‍. സദുദ്ദേശ വിമര്‍ശനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. കമ്മ്യൂണിസത്തില്‍ വിമര്‍ശനത്തിന് അതീതരായി ആരുമില്ലെന്നും ജയരാജന്‍ പറഞ്ഞു.

തെറ്റുപറ്റിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം. പറ്റുന്ന തെറ്റ് തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വം. വ്യക്തിപരമായ വിമര്‍ശനം ആയിട്ടല്ല തോല്‍വിയെ പാര്‍ട്ടി കാണുന്നത്. പ്രവര്‍ത്തനങ്ങളുടെ പോരായ്മയായിട്ടാണ് കാണുന്നതെങ്കില്‍ തിരുത്തും. തിരുത്തേണ്ടത് തിരുത്താനുള്ള അവസരമായി ഉയരുന്ന വിമര്‍ശനങ്ങളെ കാണണമെന്നും എം വി ജയരാജന്‍ പറഞ്ഞു. സിപിഐഎം നേതൃത്വത്തിനെതിരെ ജില്ലാ യോഗങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

'ഇതിനുമുമ്പും തിരിച്ചടിയുണ്ടായപ്പോള്‍ തിരിച്ചുവന്നിട്ടുണ്ട്. ഇതുപക്ഷം ജനപക്ഷത്താണ്. നേരത്തെ നാല് വോട്ടിനും സീറ്റിനും വേണ്ടി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ അന്നത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായപ്പോള്‍ നിലപാട് മാറ്റി. ഇങ്ങനെയുള്ളൊരു പക്ഷമല്ല ഇടതുപക്ഷം', അദ്ദേഹം പറഞ്ഞു.

അതേസമയം, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റേയും ഏകകണ്ഠമായ തീരുമാനം ആണ്. പിബിയുടെ അംഗീകാരം വാങ്ങിയതാണ്. ഇനി പുനഃപരിശോധന ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി യോഗങ്ങളിലെ വിമര്‍ശനങ്ങള്‍ എന്ന് പറയുന്ന പലതും മാധ്യമസൃഷ്ടിയാണ്. നിര്‍ഭയമായി അഭിപ്രായം പറയണം എന്നാണ് സഖാക്കള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎം സെക്രട്ടറിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ 'തങ്ങളെ അല്ലാതെ പിന്നെ ആരെ വിമര്‍ശിക്കാന്‍' എന്നാണ് എം വി ഗോവിന്ദന്‍ ചോദിച്ചത്.

Content Highlights: MV Jayarajan says Criticism will not break the Communist Party

dot image
To advertise here,contact us
dot image