

മുകേഷ് അംബാനിയുടെ ജിയോ ഐപിഒ മോഹങ്ങൾക്ക് തിരിച്ചടി. ഇറാൻ യുഎസ് യുദ്ധം മൂലം ജിയോ ഐപിഒ നീക്കങ്ങളുടെ വേഗത റിലയൻസ് കുറച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് ഓഫറിങ് എന്നുണ്ടാകുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
ഇറാൻ യുദ്ധവും മറ്റ് ഭൗമരാഷ്ട്രീയ വിഷയങ്ങളുമാണ് ജിയോ ഐപിഒ ലിസ്റ്റിങ്ങിന്റെ വേഗത കുറച്ചത്. നിലവിൽ ഇടപാടുകളുടെ ഘടനയും മറ്റും അവലോകസനം ചെയ്യുകയാണ് റിലയൻസ്. ലിസ്റ്റിങിനുള്ള പേപ്പർ വർക്കുകൾ മറ്റും തയ്യാറായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ എന്ന് ഇവ സബ്മിറ്റ് ചെയ്യും എന്നതിൽ വ്യക്തതയില്ല.
പശ്ചിമേഷ്യൻ സംഘർഷം ഓഹരി വിൽപ്പന പദ്ധതിയെ പല തരത്തിൽ ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഓഹരിവിപണികളിലെ ഇടിവ് വഷളാകുകയും മറ്റും ചെയ്തതോടെ ജിയോയുടെ ചില തീരുമാനങ്ങളെയും അത് ബാധിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. വിപണിയിലെ ഈ അനിശ്ചിതത്വവും തുടർന്നുണ്ടായ ആശങ്കയുമാണ് പ്രശ്നത്തിന്റെ കാതൽ എന്നാണ് നിരീക്ഷണം.
രണ്ട് പതിറ്റാണ്ടിനിടെ ഒരു റിലയൻസ് കമ്പനി നടത്തുന്ന ലിസ്റ്റിങ് ആണ് ജിയോയുടേത്. വിപണിയെ ഇത് ഉത്തേജിപ്പിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. ഇതിനായി ലിസ്റ്റിങ് നടപടിക്രമങ്ങൾ അടക്കം സർക്കാർ ലളിതമാക്കിയിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ തന്നെ പേപ്പർവർക്കുകൾ പൂർത്തിയാക്കുമെന്ന് അംബാനി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് പാലിക്കപ്പെടാനിടയില്ല എന്നാണ് വിലയിരുത്തൽ.
ഏകദേശം 40,000 കോടി മുതൽ 50,000 കോടി വരെയായിരിക്കും ഐപിഒ യിലൂടെ കമ്പനി സമാഹരിക്കുക എന്നാണ് ബ്രോക്കറേജുകളുടെ കണക്ക്. ഐപിഒ നടപടികൾക്കായി റിലയൻസ് ഇതിനോടകം തന്നെ 19 ബാങ്കുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ഗോൾഡ്മാൻ സാക്‌സ്, എച്ച്എസ്ബിസി ഹോൾഡിങ്‌സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
Content Highlights: Reliance Industries has reportedly slowed down the pace of its much-awaited Jio IPO plans amid growing geopolitical tensions caused by the Iran-US conflict. The uncertainty in global markets has affected investor sentiment, raising doubts over whether the offering will become India’s biggest public issue