ഇറ്റലിയിൽ മാത്രമല്ല ഇന്ത്യൻ മിഠായികൾക്ക് ലോകമെങ്ങും ഉണ്ട് പിടി; കയറ്റുമതിയിൽ റെക്കോർഡ്

യൂറോപ്പ് വിപണി വളർച്ച പ്രകടമാക്കുന്നുണ്ടെകിലും ഇന്ത്യയുടെ മിഠായി കയറ്റുമതിയിൽ പശ്ചിമേഷ്യയാണ് ഇപ്പോഴും പ്രധാന പങ്ക് വഹിക്കുന്നത്

ഇറ്റലിയിൽ മാത്രമല്ല ഇന്ത്യൻ മിഠായികൾക്ക് ലോകമെങ്ങും ഉണ്ട് പിടി; കയറ്റുമതിയിൽ റെക്കോർഡ്
dot image

ഇന്ത്യയിൽ നിർമ്മിക്കുന്ന ടോഫികളും സമാന മിഠായി ഉൽപ്പന്നങ്ങളും ആഗോള വിപണിയിൽ ശക്തമായ മുന്നേറ്റം നടത്തുന്നതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തിന്റെ ടോഫി കയറ്റുമതി 166 ശതമാനം ഉയർന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 132 കോടിയിലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2013-14ൽ ഇത് 49.68 കോടി മാത്രമായിരുന്നു.

ഇറ്റാലിയൻ പ്രധാനമന്ത്രിയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മെലഡി’ ടോഫി സമ്മാനിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ടോഫി വ്യവസായം വീണ്ടും ശ്രദ്ധാകേന്ദ്രമായത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ “വളരെ നല്ല ടോഫിയാണ് മെലഡി” എന്ന് മെലോണി പറയുന്നതും വൈറലായി.

2013-14 മുതൽ കയറ്റുമതി ഏകദേശം 166 ശതമാനം വളർച്ച പ്രകടമാക്കി എന്നാണ് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ‘മോദിയും ‘മെലോണി’യും ചേർന്നുള്ള ‘മെലോഡി ’ എന്ന ഹാഷ്‌ടാഗും വീണ്ടും സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി. 2023ലെ COP28 ഉച്ചകോടിക്കിടെ രൂപം കൊണ്ട ഈ പദം പിന്നീട് ഇരുനേതാക്കളുടെയും സൗഹൃദപരമായ ഇടപെടലുകൾക്ക് പിന്നാലെ ഏറെ ശ്രദ്ധ നേടിയിരുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ടോഫി കയറ്റുമതിയിൽ ഇറ്റലി വലിയ വിപണിയായി മാറിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2020 സാമ്പത്തിക വർഷത്തിന് മുൻപ് ഇറ്റലിയിലേക്കുള്ള ഇന്ത്യൻ ടോഫി കയറ്റുമതി കുറവായിരുന്നു. 2018ലും 2019ലും ഇത് വെറും 0.01 മില്യൺ ഡോളർ മാത്രമായിരുന്നു.

എന്നാൽ കോവിഡ് കാലത്തിന് ശേഷം സ്ഥിതി പൂർണമായി മാറി. ഇന്ത്യൻ മിഠായികൾക്കും ടോഫികൾക്കും ഇറ്റലിയിൽ ആവശ്യകത ഉയർന്നതോടെയാണ് കയറ്റുമതിയിൽ വലിയ വളർച്ച രേഖപ്പെടുത്തിയത്.യൂറോപ്പ് വിപണി വളർച്ച പ്രകടമാക്കുന്നുണ്ടെകിലും ഇന്ത്യയുടെ മിഠായി കയറ്റുമതിയിൽ വെസ്റ്റ് ഏഷ്യയാണ് ഇപ്പോഴും പ്രധാന പങ്ക് വഹിക്കുന്നത്.


2026 സാമ്പത്തിക വർഷത്തിൽ സൗദി അറേബ്യ ഇന്ത്യയുടെ ഏറ്റവും വലിയ ടോഫി വാങ്ങുന്ന രാജ്യമായി മാറി. അവിടെ കയറ്റുമതി 2.88 മില്യൺ ഡോളറിലെത്തി, മുൻവർഷത്തെ 1.36 മില്യൺ ഡോളറിനെക്കാൾ ഇരട്ടിയിലധികം വർധനയാണ് രേഖപ്പെടുത്തിയത്.അതേസമയം, യുഎഇയിലേക്കുള്ള കയറ്റുമതി 1.39 മില്യൺ ഡോളറായും, കുവൈത്തിലേക്കുള്ള കയറ്റുമതി 0.5 മില്യൺ ഡോളറായും ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആഫ്രിക്കൻ വിപണികളും കയറ്റുമതിയിലെ വീണ്ടെടുക്കലിൽ പ്രധാന പങ്ക് വഹിച്ചു.പശ്ചിമ ആഫ്രിക്കയിലെ ബെനിനിലേക്കുള്ള (Benin) കയറ്റുമതി 2026ൽ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തിയിട്ടുണ്ട് . ഇത് മുൻവർഷത്തെ 0.41 മില്യൺ ഡോളറിൽ നിന്ന് 1.53 മില്യൺ ഡോളറായി ഉയർന്നു. ഈ വളർച്ചയോടെ ബെനിൻ ഇന്ത്യയുടെ ടോഫി കയറ്റുമതിയിലെ രണ്ടാമത്തെ വലിയ ലക്ഷ്യരാജ്യമായി മാറി.

ഇന്ത്യയുടെ മൊത്തം ടോഫി കയറ്റുമതി 2018-ൽ 18.92 മില്യൺ ഡോളറിൽ നിന്ന് 20222-ൽ 10.03 മില്യൺ ഡോളറായി കുറയുകയായിരുന്നു. പിന്നീട് ക്രമേണ വീണ്ടെടുക്കൽ ആരംഭിച്ചതാണ് ഇപ്പോഴത്തെ വളർച്ച സൂചിപ്പിക്കുന്നത്.അതേസമയം, പഴയ പ്രധാന വിപണികളായ നേപ്പാൾ, നൈജീരിയ എന്നിവിടങ്ങളിലേക്കുള്ള പ്രാധാന്യം കുറഞ്ഞതോടെ കയറ്റുമതിക്കാർ പുതിയ രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. ഇതിലൂടെ ആഫ്രിക്ക, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇന്ത്യൻ ടോഫിക്ക് പുതിയ അവസരങ്ങൾ തുറന്നു.

Content Highlights : India's Toffee Exports Surged 166% Since 2014, Says Piyush Goyal Amid PM Modi's Gift To Meloni

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us