'സതീശന് ആശംസകൾ, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി'; മൗനം വെടിഞ്ഞ് ചെന്നിത്തല

ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല

'സതീശന് ആശംസകൾ, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി'; മൗനം വെടിഞ്ഞ് ചെന്നിത്തല
dot image

തൃശൂര്‍: ഒടുവില്‍ മൗനം വെടിഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയുക്ത എംഎല്‍എയുമായ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അദ്ദേഹം ആശംസകള്‍ അറിയിച്ചു. 'മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകള്‍' എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

വി ഡി സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പത്ത് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതാണ് ജനവിധി. സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം. മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകണം എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യംവെച്ചിരുന്ന രമേശ് ചെന്നിത്തല, ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നതോടെ കടുത്ത അതൃപ്തിയിലായിരുന്നു. അവഗണിക്കപ്പെട്ടു എന്ന കാര്യം രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം രമേശ് ചെന്നിത്തല തിരുവനന്തപുരം വിടുകയായിരുന്നു. പ്രതികരണം ആരായാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. നിയമസഭാകക്ഷി യോഗത്തിൽ നിന്ന് വിട്ടുനിന്ന രമേശ് ചെന്നിത്തല, സതീശന് പിന്തുണ അറിയിച്ച് കെപിസിസിക്ക് കത്ത് നൽകിയിരുന്നു.

വ്യാഴാഴ്ച പന്ത്രണ്ട് മണിയോടെയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനം വരുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് വ്യാഴാഴ്ച രാവിലെയും ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും വസതിയിലായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്. പ്രിയങ്കയും കെ സി വേണുഗോപാലുമായായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്നിക് എന്നിവരും ജയ്റാം രമേശുമായായിരുന്നു ഖര്‍ഗെയുടെ കൂടിക്കാഴ്ച. ഇതിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് ഹൈക്കമാന്‍ഡ് അറിയിക്കുകയായിരുന്നു. ഇതിനിടെ രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് തീരുമാനം അറിയിച്ചു. പ്രഖ്യാപനം വന്നതോടെ രമേശ് ചെന്നിത്തല ക്യാമ്പ് നിരാശരായി.

സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് യുഡിഎഫിനെ അധികാരം ഏല്‍പ്പിച്ചത്. വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും തീരുമാനമെടുത്തത്. പാര്‍ട്ടിക്ക് ഉപരിയായുള്ള ഒരു ഇമേജും സൃഷ്ടിക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ല. തനിക്കായി ഫ്ളക്സ് വെച്ചവര്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

Content Highlights- Ramesh Chennithala congratulated V D Satheesan and stated that the decision on who should be included in the cabinet must be taken by the Chief Minister

dot image
To advertise here,contact us
dot image