'കെ സിയെയും ആർസിയെയും ആക്രമിച്ചു, അതിനായി PR വർക്ക് നടത്തി'; നിയുക്ത MLA എം എം നസീർ

'രാഹുല്‍ ഗാന്ധിയെ മികച്ച നേതാവാക്കുന്നതില്‍ പങ്കുവഹിച്ച നേതാവാണ് കെ സി വേണുഗോപാല്‍. അദ്ദേഹത്തെ വ്യക്തിപരമായി വരെ ആക്രമിക്കുന്ന സാഹചര്യമുണ്ടായി'

'കെ സിയെയും ആർസിയെയും ആക്രമിച്ചു, അതിനായി PR വർക്ക് നടത്തി'; നിയുക്ത MLA എം എം നസീർ
dot image

കൊല്ലം: വി ഡി സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ചടയമംഗലം നിയുക്ത എംഎല്‍എ എം എം നസീര്‍. കെ സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും ആക്രമിച്ചതായി എം എം നസീര്‍ ആരോപിച്ചു. അതിനായി പി ആര്‍ വര്‍ക്ക് നടത്തി. മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മാനിക്കാതെയാണ് നേതാക്കളെ ആക്രമിച്ചതെന്നും എം എം നസീര്‍ കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയെ മികച്ച നേതാവാക്കുന്നതില്‍ പങ്കുവഹിച്ച നേതാവാണ് കെ സി വേണുഗോപാല്‍. അദ്ദേഹത്തെ വ്യക്തിപരമായി വരെ ആക്രമിക്കുന്ന സാഹചര്യമുണ്ടായി. അത് പാര്‍ട്ടി അന്വേഷിക്കണം. വി ഡി സതീശനായുള്ള പ്രചരണത്തില്‍ ചില ഘടകകക്ഷികളും വീണു. എന്‍എസ്എസും എസ്എന്‍ഡിപിയുമെല്ലാം അത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇതിന് പിന്നില്‍ കേന്ദ്രീകൃത ശക്തികളുണ്ടെന്നും എം എം നസീര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച പന്ത്രണ്ട് മണിയോടെയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനം വരുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് ഇന്ന് രാവിലെയും ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും വസതിയിലായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്. പ്രിയങ്കയും കെ സി വേണുഗോപാലുമായായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവരും ജയ്‌റാം രമേശുമായായിരുന്നു ഖര്‍ഗെയുടെ കൂടിക്കാഴ്ച. ഇതിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് ഹൈക്കമാന്‍ഡ് അറിയിക്കുകയായിരുന്നു. ഇതിനിടെ രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് തീരുമാനം അറിയിച്ചു.

സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് യുഡിഎഫിനെ അധികാരം ഏല്‍പ്പിച്ചത്. വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും തീരുമാനമെടുത്തത്. പാര്‍ട്ടിക്ക് ഉപരിയായുള്ള ഒരു ഇമേജും സൃഷ്ടിക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ല. തനിക്കായി ഫ്‌ളക്‌സ് വെച്ചവര്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

Content Highlights- Congress MLA MM Naseer alleged that a PR campaign was conducted against senior leaders KC Venugopal and Ramesh Chennithala. He accused supporters linked to the Satheesan faction of targeting the leaders during internal political developments within the party

dot image
To advertise here,contact us
dot image