

ആലപ്പുഴ: മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ രമേശ് ചെന്നിത്തല നേരിട്ടത് കടുത്ത അവഗണനയെന്ന നിലപാടില്‍ ഹരിപ്പാട്ടെ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തഴഞ്ഞതില്‍ കടുത്ത അതൃപ്തിയിലുള്ള ചെന്നിത്തല എന്ത് തീരുമാനമെടുത്താലും ഒപ്പം നില്‍ക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. രമേശ് ചെന്നിത്തലക്ക് വേണ്ടി എന്തിനും തയ്യാറാണെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. രമേശ് ചെന്നിത്തലയെ നേരിട്ടാണ് പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയായി വി ഡി സതീശനെ തീരുമാനിച്ച കാര്യം അറിയിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തന്നെ രമേശ് ചെന്നിത്തല കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. അവഗണന നേരിട്ടുവെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടു. ഇതിനിടെ രമേശ് ചെന്നിത്തല അണികളെ ഫോണില്‍ ബന്ധപ്പെട്ടു. നേതാവ് നേരിട്ടത് കടുത്ത അനീതിയെന്നായിരുന്നു പ്രവര്‍ത്തകരുടെ പൊതുവികാരം. എന്നാല്‍ പ്രതിഷേത്തിന് മുതിരരുതെന്ന് രമേശ് ചെന്നിത്തല പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന്, ഹരിപ്പാട് ഇന്നലെ നടത്താനിരുന്ന പ്രതിഷേധ പ്രകടനം പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു. പാര്‍ട്ടിയാണ് എല്ലാം എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു. വളരെ വൈകാരികമായാണ് ചെന്നിത്തല സംസാരിച്ചത്. ഒന്നിനെക്കുറിച്ചും തീരുമാനിച്ചിട്ടില്ല എന്ന് ചെന്നിത്തല പറഞ്ഞതായും അണികള്‍ പ്രതികരിച്ചു. അതേസമയം, ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തലക്ക് പ്രവര്‍ത്തകര്‍ വൈകാരിക സ്വീകരണമാണ് നല്‍കിയത്. കെട്ടിപ്പിടിച്ചും ചുംബിച്ചും പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലക്കൊപ്പം തന്നെ നിന്നു. മുദ്രാവാക്യം വിളികളോടെയാണ് രമേശ് ചെന്നിത്തലയെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്.
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറായിരുന്നില്ല. ഗുരുവായൂര്‍ സന്ദര്‍ശന വേളയില്‍ ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. വി ഡി സതീശന് ആശംസകള്‍ അറിയിച്ച രമേശ് ചെന്നിത്തല, ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നതായും പറഞ്ഞിരുന്നു. വി ഡി സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടാകും. പത്ത് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതാണ് ജനവിധി. സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം. മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകണം എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
വ്യാഴാഴ്ച പന്ത്രണ്ട് മണിയോടെയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനം വരുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് ഇന്ന് രാവിലെയും ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും വസതിയിലായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്. പ്രിയങ്കയും കെ സി വേണുഗോപാലുമായായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്നിക് എന്നിവരും ജയ്റാം രമേശുമായായിരുന്നു ഖര്‍ഗെയുടെ കൂടിക്കാഴ്ച. ഇതിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് ഹൈക്കമാന്‍ഡ് അറിയിക്കുകയായിരുന്നു. ഇതേ സമയം രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് തീരുമാനം അറിയിച്ചിരുന്നു. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് യുഡിഎഫിനെ അധികാരം ഏല്‍പ്പിച്ചത്. വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.
Content Highlights- Congress workers in Harippad said Ramesh Chennithala faced severe injustice and announced their support for any decision he takes.