എല്ലാവരെയും തൃപ്തിപ്പെടുത്താൻ പറ്റുമോ? രമേശ് ചെന്നിത്തലയുടെ അതൃപ്തിയില്‍ പ്രതികരിച്ച് കെ സുധാകരന്‍

എല്ലാവരുടെയും പിണക്കം ഓട്ടോമാറ്റിക്ക് ആയി മാറുമെന്ന് കെ സുധാകരന്‍

എല്ലാവരെയും തൃപ്തിപ്പെടുത്താൻ പറ്റുമോ? രമേശ് ചെന്നിത്തലയുടെ അതൃപ്തിയില്‍ പ്രതികരിച്ച് കെ സുധാകരന്‍
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചതില്‍ പ്രതികരണവുമായി മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. എല്ലാവരെയും തൃപ്തിപ്പെടുത്താൻ പറ്റുമോയെന്ന് കെ സുധാകരന്‍ ചോദിച്ചു. തനിക്കും ആഗ്രഹം ഉണ്ടാവില്ലേയെന്നും എല്ലാവരുടെയും പിണക്കം ഓട്ടോമാറ്റിക്ക് ആയി മാറുമെന്നും കെ സുധാകരന്‍ പറഞ്ഞു.

'ദിവസങ്ങള്‍ കൊണ്ട് നിശബ്ദമാകും. അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടും. ഞാന്‍ രമേശ് ചെന്നിത്തലയെ കാണും', കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ആഭ്യന്തരം കൊടുക്കുമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കെ സി വേണുഗോപാല്‍ പക്ഷത്തിന് എത്ര മന്ത്രിമാര്‍ ഉണ്ടാകുമെന്ന ചോദ്യത്തിന് അദ്ദേഹം രസകരമായി മറുപടി നല്‍കി. 'അത് എനിക്കറിയില്ല, എണ്ണി നോക്കേണ്ടി വരും' എന്നായിരുന്നു കെ സുധാകരന്‍റെ മറുപടി. യുഡിഎഫ് ശക്തമായ പ്രവര്‍ത്തനത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ രമേശ് ചെന്നിത്തല നേരിട്ടത് കടുത്ത അവഗണനയെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല പക്ഷം. അദ്ദേഹം എന്ത് തീരുമാനമെടുത്താലും ഒപ്പം നില്‍ക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. രമേശ് ചെന്നിത്തലക്ക് വേണ്ടി എന്തിനും തയ്യാറാണെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. രമേശ് ചെന്നിത്തലയെ നേരിട്ടാണ് പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയായി വി ഡി സതീശനെ തീരുമാനിച്ച കാര്യം അറിയിക്കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തന്നെ രമേശ് ചെന്നിത്തല കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. അവഗണന നേരിട്ടുവെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടു. ഇതിനിടെ രമേശ് ചെന്നിത്തല അണികളെ ഫോണില്‍ ബന്ധപ്പെട്ടു. നേതാവ് നേരിട്ടത് കടുത്ത അനീതിയെന്നായിരുന്നു പ്രവര്‍ത്തകരുടെ പൊതുവികാരം.

എന്നാല്‍ പ്രതിഷേത്തിന് മുതിരരുതെന്ന് രമേശ് ചെന്നിത്തല പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന്, ഹരിപ്പാട് ഇന്നലെ നടത്താനിരുന്ന പ്രതിഷേധ പ്രകടനം പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു. പാര്‍ട്ടിയാണ് എല്ലാം എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു. വളരെ വൈകാരികമായാണ് ചെന്നിത്തല സംസാരിച്ചത്. ഒന്നിനെക്കുറിച്ചും തീരുമാനിച്ചിട്ടില്ല എന്ന് ചെന്നിത്തല പറഞ്ഞതായും അണികള്‍ പ്രതികരിച്ചു. അതേസമയം, ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തലക്ക് പ്രവര്‍ത്തകര്‍ വൈകാരിക സ്വീകരണമാണ് നല്‍കിയത്. കെട്ടിപ്പിടിച്ചും ചുംബിച്ചും പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലക്കൊപ്പം തന്നെ നിന്നു. മുദ്രാവാക്യം വിളികളോടെയാണ് രമേശ് ചെന്നിത്തലയെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്.

Content Highlights: K Sudhakaran about Ramesh Chennithala's dissatisfaction on CM post

dot image
To advertise here,contact us
dot image