

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടുമായി കെ സി വേണുഗോപാല്‍ പക്ഷം. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള കടുത്ത അമര്‍ഷത്തെ തുടര്‍ന്നാണ് പ്രധാന മന്ത്രിസ്ഥാനങ്ങള്‍ ചോദിക്കാന്‍ കെ സി പക്ഷം ഒരുങ്ങുന്നത്.
ആഭ്യന്തരം, ധനകാര്യം, റവന്യൂ, ആരോഗ്യം, ടൂറിസം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളാണ് കെ സി വേണുഗോപാല്‍ പക്ഷം ആവശ്യപ്പെടുന്നത്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പ്രധാന്യം നല്‍കണമെന്നും ആവശ്യമുണ്ട്. ചര്‍ച്ചകള്‍ക്കായി കെ സി വേണുഗോപാല്‍ നേരിട്ടെത്തും. ഡല്‍ഹിയില്‍ തുടരുന്ന കെ സി വേണുഗോപാല്‍ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തും.
രമേശ് ചെന്നിത്തല പക്ഷവും കടുത്ത അതൃപ്തിയിലാണ്. ചെന്നിത്തല വിഭാഗവുമായും മന്ത്രിസഭാ രൂപീകരണ ചര്‍ച്ച നടത്തും. ദീപാദാസ് മുന്‍ഷിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുക. യുഡിഎഫ് യോഗം ഇന്ന് നാല് മണിക്ക് തിരുവനന്തപുരത്ത് വെച്ച് ചേരും. ഘടകകക്ഷികളുമായും മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയുണ്ടാകും.
അതേസമയം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കാണാന്‍ എഡിജിപി മനോജ് അബ്രഹാം കന്റോണ്‍മെന്റ് ഹൗസിലെത്തി. എഡിജിപി പി വിജയന്‍ , ചീഫ് സെക്രട്ടറി എ ജയതിലക് ഉള്‍പ്പെടെയുള്ളവര്‍ കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയിരുന്നു. സത്യപ്രതിജ്ഞ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
ചീഫ് സെക്രട്ടറി 11 മണിക്ക് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. പൊലീസ് മേധാവി, രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍, പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. പൊതുമരാമത്ത്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചിട്ടുണ്ട്.
Content Highlights: K C Venugopal group asked Home minister and Revenue post