UDF യോഗത്തിൽ പങ്കെടുക്കില്ലെന്ന് മുസ്‌ലിം ലീഗ്; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കും

മുഖ്യമന്ത്രി പ്രഖ്യാപനം വന്ന ശേഷം മുസ്‌ലിം ലീഗിന്റെ യോഗം പാണക്കാട് വെച്ച് നടക്കും. ഇതിന് ശേഷം മാത്രമേ നേതാക്കള്‍ തിരുവനന്തപുരത്തേക്ക് തിരിക്കൂ

UDF യോഗത്തിൽ പങ്കെടുക്കില്ലെന്ന് മുസ്‌ലിം ലീഗ്; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കും
dot image

മലപ്പുറം: യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ മുസ്‌ലിം ലീഗ്. ഇന്ന് രണ്ട് മണിക്ക് ആണ് യുഡിഎഫ് യോഗം വിളിച്ചത്. യോഗത്തില്‍ എത്താന്‍ കഴിയില്ലെന്ന് ലീഗ് അറിയിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം വന്ന ശേഷം മുസ്‌ലിം ലീഗിന്റെ യോഗം പാണക്കാട് വെച്ച് നടക്കും. യോഗത്തിൽ തീരുമാനമെടുത്ത ശേഷം മാത്രമേ നേതാക്കള്‍ തിരുവനന്തപുരത്തേക്ക് തിരിക്കൂ.

വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നതെന്ന് ഫലം വന്നശേഷം എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര നേതൃയോഗത്തില്‍ തീരുമാനിച്ചത്.

അതേസമയം മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. മുദ്രവെച്ച കവറില്‍ നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. ഇന്ന് ഒരു മണിക്ക് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് നിയമസഭാ കക്ഷി യോഗം നടക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

മുന്‍ പ്രതിപക്ഷ നേതാക്കളായ വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരും യോഗത്തില്‍ പങ്കെടുക്കും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഡല്‍ഹിയിലാണ് ഉള്ളത്. ഇന്ന് തന്നെ യുഡിഎഫിലെ നിയമസഭാ കക്ഷി നേതാക്കള്‍ ഗവര്‍ണറെ കാണുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഖര്‍ഗെയുടെ വസതിയില്‍ വെച്ചായിരുന്നു യോഗം. യോഗത്തിന് ശേഷം പുറത്തേയ്ക്കുവന്ന രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. പിന്നാല ഖര്‍ഗെയുടെ വസതിയിലെത്തിയ ജയ്‌റാം രമേശാണ് ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. യോഗത്തിന് മുമ്പ് മുതിര്‍ന്ന നേതാവായ എ കെ ആന്റണിയെയും കൊടിക്കുന്നില്‍ സുരേഷിനെയും രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

Content Highlights: Muslim League will not partcipate UDF meeting

dot image
To advertise here,contact us
dot image