

പാലക്കാട്: അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങില്‍ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. പാലക്കാട് തത്തമംഗലത്താണ് സംഭവം. തത്തമംഗലം കെഎസ്ഇബി ഓഫീസിലെത്തിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രദേശത്ത് മൂന്നുദിവസമായി അപ്രഖ്യാപിത ലോഡ് ഷെഡിങ് ആണ് നടക്കുന്നത് എന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മരുത റോഡ് പഞ്ചായത്തിലും അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെതിരെ പ്രതിഷേധം നടന്നിരുന്നു.
വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചിരുന്നു. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് പീക്ക് സമയ വൈദ്യുതി ഉപയോഗം എത്തിയിരുന്നു. വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഏപ്രില്‍ 23ന് രാത്രി 10.30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടി. കണക്കുകള്‍ സൂചിപ്പിക്കുന്നതുപോലെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ വൈകുന്നേരം 6നും രാത്രി 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നാണ് കെഎസ്ഇബി അഭ്യർത്ഥിച്ചത്.
സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണ് സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവര്‍ കട്ട് ഇല്ലാത്ത പത്ത് വര്‍ഷം ഇതാണോ എന്നും സതീശൻ പരിഹസിച്ചു. തെരഞ്ഞടുപ്പിന് വേണ്ടി പെരും നുണയാണ് പിണറായി സർക്കാർ പറഞ്ഞതെന്നും വൈദ്യുതി നിയന്ത്രണം തുടര്‍ന്നാല്‍ യുഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
Content Highlights: Unannounced load shedding in Thattamangalam for three days; UDF protests at KSEB office