വേനല്‍ക്കാലമാണ്.പാമ്പുകളെക്കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. വീട്ടിലെ ചവിട്ടിയുടെ അടിയിലും ടൂവീലറിന്റെ ചക്രത്തിന്റെ ഇടയിലും തലയിണയുടെ അടിയിലും എല്ലാം പാമ്പുകള്‍ ഒളിച്ചിരിക്കും. അന്തരീക്ഷത്തില്‍ ചൂട് കൂടുതലായതുകൊണ്ടുതന്നെ തണുപ്പുള്ള ഇടങ്ങള്‍ തേടിയാണ് പാമ്പുകള്‍ പുറത്തിറങ്ങുന്നത്. പാമ്പുകള്‍ ഒളിച്ചിരിക്കുന്ന ഇടങ്ങളില്‍ ഏറ്റവും പ്രധാനമാണ് വീടിനുവെളിയില്‍ അഴിച്ചിടുന്ന ഷൂസുകള്‍. ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും പേടിയുണ്ടാക്കുന്ന കാര്യമാണ്. പാമ്പുകള്‍ക്ക് ഒളിച്ചിരിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് ഷൂസ്. അതിന് കാരണമുണ്ട്. പാമ്പുകള്‍ക്ക് സുരക്ഷിതവും ഇരുണ്ടതുമായ ഇടങ്ങള്‍ ഇഷ്ടമാണ്. അതുകൊണ്ടുതന്നെയാണ് ഷൂവിനകം അവ സുരക്ഷിതമായ ഇടങ്ങളായി കാണുന്നത്.
പാമ്പുകള്‍ തണുത്ത തണുത്ത രക്തമുള്ള ജീവികളാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് സ്വന്തം ശരീരത്തിലെ താപനില നിയന്ത്രിക്കാന്‍ കഴിയില്ല. ഷൂവിനുള്ളിലെ തണുപ്പുള്ളതും ഇരുണ്ടതുമായ സ്ഥലം അവയ്ക്ക് ഇരിക്കാന്‍ സുഖകരമാണ്. മാത്രമല്ല ഷൂസുകള്‍ പാമ്പിനെ അമിതമായ ചൂടില്‍നിന്നും തണുപ്പില്‍നിന്നും സംരക്ഷിക്കുന്നു.
സുരക്ഷിതമായിരിക്കാന്‍ എന്ത് ചെയ്യണം
ഷൂ പെട്ടെന്ന് കാലില്‍ ധരിക്കാതെ അതിന് മുന്‍പ് ഷൂവിനകം ഒന്ന് പരിശോധിക്കാന്‍ ശ്രദ്ധിക്കുക. ധരിക്കുന്നതിന് മുന്‍പ് നന്നായി കുടയുകയും ഉള്ളില്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. അതുകൊണ്ടുതന്നെ ഷൂ ധരിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടതെന്ത്?
പരിഭ്രമിക്കാതിരിക്കുക. കടിയേറ്റവര്‍ ഭയന്ന് ഓടരുത്. ഇതു വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ കാരണമാകും.
കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ കീറി എടുക്കുകയോ ചെയ്യരുത്.
രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വയ്ക്കുക.
ശരീരത്തില്‍ കടിയേറ്റ ഭാഗത്തുനിന്ന് ഇറുകിയ എന്തും നീക്കംചെയ്യുക (മോതിരം, വളകള്‍, വാച്ച് പോലുളളവ). ഇവ നീക്കം ചെയ്തില്ലെങ്കില്‍ നീരു വരികയും അതുമൂലം ജീവന്‍ അപകടത്തിലാവുകയും ചെയ്യും.
രോഗിയെ നടത്തിക്കാതെ, എത്രയും വേഗം എഎസ്വി(ആന്റി സ്‌നേക് വെനം) ഉള്ള ആശുപത്രിയിലെത്തിക്കുക.
പരിസര ശുചീകരണം: വീടിനും ചുറ്റുമുള്ള കുറ്റിക്കാടുകള്‍, ചപ്പുചവറുകള്‍, പൊത്തുകള്‍, മാളങ്ങള്‍, വലിയ കല്ലുകള്‍ എന്നിവ നീക്കം ചെയ്യുക.
ഇരകളെ ആകര്‍ഷിക്കാതിരിക്കുക: ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ച് എലികള്‍ എത്തുന്നതും, വീടുകളില്‍ പക്ഷികളെ വളര്‍ത്തുന്നതും പാമ്പുകളെ ആകര്‍ഷിക്കാന്‍ കാരണമാകും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക.
കുട്ടികളുടെ സുരക്ഷ: അവധിക്കാലമായതിനാല്‍ കുട്ടികള്‍ പറമ്പുകളിലും മൈതാനങ്ങളിലും കളിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
വീടിനുള്ളിലേക്ക് പാമ്പുകള്‍ എത്താന്‍ സാധ്യതയുള്ള വിടവുകള്‍, പൈപ്പുകള്‍ എന്നിവ അടയ്ക്കുകയും വള്ളിച്ചെടികള്‍, മരച്ചില്ലകള്‍ എന്നിവ നീക്കം ചെയ്യുകയും വേണം.
Content Highlights :Do you know why snakes curl up inside shoes? Shoes that are taken off outside the house are one of the most important places where snakes hide.