'സൈക്കിളിൽ പോയി പാർട്ടി പ്രവർത്തനം നടത്തിയിട്ടുണ്ട്,ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകും':രമേശ് ചെന്നിത്തല

ഒരുദിവസം കൊണ്ട് സുപ്രഭാതത്തില്‍ പൊട്ടിവീണതൊന്നുമല്ല താനുൾപ്പെടെയുളള നേതാക്കളെന്നും രമേശ് ചെന്നിത്തല പറഞ്ഞു

'സൈക്കിളിൽ പോയി പാർട്ടി പ്രവർത്തനം നടത്തിയിട്ടുണ്ട്,ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകും':രമേശ് ചെന്നിത്തല
dot image

തിരുവനന്തപുരം: ഒരു സുപ്രഭാതത്തില്‍ പൊട്ടി വീണ നേതാവല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സൈക്കിളില്‍ പോയി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ നേതാവാകുമെന്ന സ്ഥിതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കെഎസ്‌യു ചെന്നിത്തല മഹാത്മാ ഹൈസ്‌കൂളിലെ യൂണിറ്റ് സെക്രട്ടറിയായത്. നമ്മളൊക്കെ ഒരുദിവസം കൊണ്ട് സുപ്രഭാതത്തില്‍ പൊട്ടിവീണതൊന്നുമല്ല. പ്രയാസങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും വളര്‍ന്നുവന്നവരാണ് കോണ്‍ഗ്രസിന്റെ പഴയ തലമുറ. രാഷ്ട്രീയ രംഗത്ത്, ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ എഴുതിയാല്‍ നേതാവാകാം. അന്ന് കഷ്ടപ്പെട്ട് നടന്നും സൈക്കിളില്‍ പോയുമാണ് കെഎസ്‌യുവിനായി പ്രവര്‍ത്തിച്ചത്' എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

കേരളത്തിലുടനീളം അപ്രഖ്യാപിത ലോഡ് ഷെഡിങ്ങാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവകാശ വാദം പൊളിഞ്ഞെന്നും ലോഡ് ഷെഡിംഗ് ഇല്ലാത്ത പത്ത് വര്‍ഷം എന്നായിരുന്നു പ്രചാരണം എന്നാല്‍ ലോഡ് ഷെഡിംഗിലും ചൂടിലും കേരളം ഉരുകുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, രമേശ് ചെന്നിത്തലയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്തെത്തി. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്നും പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചുവെന്നും വി എം സുധീരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവല്ലാത്തപ്പോഴും അദ്ദേഹം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും ഇനിയും ദേശീയ, സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ രമേശ് ചെന്നിത്തലയ്ക്ക് ആകുമെന്നും വി എം സുധീരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വരുംമുന്നേ കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍ നിര്‍ത്തണമെന്ന് കെപിസിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ നടപടി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെപിസിസി നിരീക്ഷണം. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചതായി അധ്യക്ഷന്‍ അറിയിച്ചു. അതിനിടെയാണ് ചെന്നിത്തല പഴയ കാല ചരിത്രം പൊതുവേദിയിൽ പറഞ്ഞത്.

Content Highlights: worked hard for party by walking and in cycle; ramesh chennithala remembers his past

dot image
To advertise here,contact us
dot image