

കണ്ണൂർ: കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം ബിജെപി നേതാക്കൾ തടസപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഈ മണ്ണിൽ നിന്ന് രാഷ്ട്രീയം പറയാൻ ഒരു വടക്കുനോക്കിയുടെയും അനുമതി വേണ്ടെന്നും ഭയപ്പെടുത്തി നിശബ്ദരാക്കാമെന്ന വ്യാമോഹം ഇവിടെ ചെലവാകില്ലെന്നും സനോജ് വ്യക്തമാക്കി. ഫേസ്ബുക്കിൽ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പത്തനംതിട്ട നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്റെ ചടങ്ങിനിടെയായിരുന്നു ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പ്രതാപചന്ദ്രവർമയുടെ നേതൃത്വത്തിൽ പ്രസംഗം തടസപ്പെടുത്തിയത്. ഒടുവിൽ ബഹളം വച്ചവരെ പുറത്താക്കിയ ശേഷമാണ് കുരീപ്പുഴ പ്രസംഗം തുടർന്നത്. വൈറല്‍ താരത്തിന്‍റെ വിവാഹമായിരുന്നു വിഷയം.
മധ്യപ്രദേശുകാരിയായ മൊണാലിസ ഭോസ്ലെയും ഭർത്താവ് ഫർമാൻ ഖാനും അഭയം തേടി കേരളത്തിലെത്തിയത് കുരീപ്പുഴ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. വടക്കേ ഇന്ത്യയിലെ വർഗീയവാദികളിൽ നിന്ന് രക്ഷതേടി വന്ന അവരെ കേരളത്തിലെ പുരോഗമനസമൂഹം സ്വീകരിച്ചത് മാതൃകയാണെന്ന് കുരീപ്പുഴ ചൂണ്ടിക്കാട്ടിയത് സംഘപരിവാറുകാരെ അസ്വസ്ഥരാക്കി. എന്നാൽ താൻ രാഷ്ട്രീയ കവിയാണെന്നും തന്റെ കവിതയിൽ രാഷ്ട്രീയമുണ്ടെന്നും അത് താൻ പറയുമെന്നുള്ള കുരീപ്പുഴയുടെ മറുപടി ഉറച്ചതായിരുന്നുവെന്നും സനോജ് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മുൻപ് കുരീപ്പുഴയുൾപ്പെടെയുള്ള സാംസ്‌കാരിക പ്രവർത്തകർക്ക് നേരെ വർഗീയവാദികളുടെ ഭാഗത്തുനിന്ന് ഭീഷണി ഉയർന്നപ്പോൾ കേരളസമൂഹം എങ്ങനെ ചെറുത്തു തോൽപ്പിച്ചുവോ അതേ ജാഗ്രത കേരളം തുടരും. കുരീപ്പുഴയോടൊപ്പം കേരളത്തിലെ പുരോഗമനസമൂഹം ഉണ്ടാകും. സംഘപരിവാർ ഉമ്മാക്കിയൊക്കെ അങ്ങ് ഉത്തരേന്ത്യയിൽ കാണിച്ചാൽ മതിയെന്ന മുന്നറിയിപ്പും സനോജ് നല്‍കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കേരളത്തിന്റെ സാംസ്‌കാരികമുഖമായ കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ സംഘപരിവാർ അനുകൂലികളുടെ നടപടി അത്യന്തം അപലപനീയമാണ്. സാഹിത്യ-സാംസ്‌കാരികപ്രവർത്തകരെ നിശബ്ദരാക്കാനും ഇല്ലാതാക്കാനും ഇന്ത്യയിലെ ഇതരഭാഗങ്ങളിൽ നടത്തിയ നീക്കം കേരളത്തിലും പയറ്റാൻ ശ്രമിക്കുകയാണ് സംഘപരിവാരം. കേരളം ജാതിമതഭേദമെന്യേ എല്ലാ മനുഷ്യർക്കും ജീവിക്കാൻ കൊള്ളാവുന്ന ഇടമാണ് എന്നു പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. മധ്യപ്രദേശുകാരിയായ മൊണാലിസ ഭോസ്ലെയും ഭർത്താവ് ഫർമാൻ ഖാനും അഭയം തേടി കേരളത്തിലെത്തിയത് കുരീപ്പുഴ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. വടക്കേ ഇന്ത്യയിലെ വർഗീയവാദികളിൽ നിന്ന് രക്ഷതേടി വന്ന അവരെ കേരളത്തിലെ പുരോഗമനസമൂഹം സ്വീകരിച്ചത് മാതൃകയാണെന്ന് കുരീപ്പുഴ ചൂണ്ടിക്കാട്ടിയത് സംഘപരിവാറുകാരെ അസ്വസ്ഥരാക്കി. ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ല എന്നതായിരുന്നു അവരുടെ ആക്രോശം.
താൻ രാഷ്ട്രീയ കവിയാണെന്നും തന്റെ കവിതയിൽ രാഷ്ട്രീയമുണ്ടെന്നും അത് താൻ പറയുമെന്നുള്ള കുരീപ്പുഴയുടെ മറുപടി ഉറച്ചതായിരുന്നു. ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർ കവിയെ പിന്തുണച്ചത്തോടെ സംഘപരിവാരുകാർക്ക് പത്തിമടക്കേണ്ടി വന്നു. നിരന്തരം രാഷ്ട്രീയം പറഞ്ഞും നീതിയിലധിഷ്ഠിതമായ സംവാദങ്ങൾ നടത്തിയും ബൗദ്ധികസമൂഹമായി വികസിച്ച നാടാണ് കേരളം. ഈ മണ്ണിൽനിന്നുകൊണ്ട് രാഷ്ട്രീയം പറയാൻ ഒരു 'വടക്കുനോക്കി'യുടെയും അനുമതി വേണ്ട. ഭയപ്പെടുത്തി നിശബ്ദരാക്കിക്കളയാം എന്ന വ്യാമോഹം ഇവിടെ ചെലവാകില്ല. മുൻപ് കുരീപ്പുഴയുൾപ്പെടെയുള്ള സാംസ്‌കാരിക പ്രവർത്തകർക്ക് നേരെ വർഗീയവാദികളുടെ ഭാഗത്തുനിന്ന് ഭീഷണി ഉയർന്നപ്പോൾ കേരളസമൂഹം എങ്ങനെ ചെറുത്തുതോൽപ്പിച്ചുവോ അതേ ജാഗ്രത കേരളം തുടരും. കുരീപ്പുഴയോടൊപ്പം കേരളത്തിലെ പുരോഗമനസമൂഹം ഉണ്ടാകും.
സംഘപരിവാർ ഉമ്മാക്കിയൊക്കെ അങ്ങ് ഉത്തരേന്ത്യയിൽ കാണിച്ചാൽ മതി.
Content Highlights: V K Sanoj criticized the Sangh Parivar following the disruption of Kurippuzha Sreekumar’s speech. He said Kerala does not need permission from any northern force to discuss politics and warned against attempts to silence people through fear and intimidation