

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വെടിക്കെട്ട് സെഞ്ച്വറിയുമായി വൈഭവ് സൂര്യവംശി. 37 പന്തിൽ 12 സിക്‌സറും അഞ്ച് ഫോറുകളും അടക്കം 103 റൺസ് നേടിയാണ് താരം മടങ്ങിയത്. 36 പന്തിലായിരുന്നു സെഞ്ച്വറി. കഴിഞ്ഞ സീസണിൽ താരം 35 പന്തിൽ സെഞ്ച്വറി നേടിയിരുന്നു. താരത്തിന്റെ മികവിൽ 14 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടിയിട്ടുണ്ട്. 51 റൺസുമായി ധ്രുവ് ജുറൽ ക്രീസിലുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് ഹൈദരാബാദ് പേസർ പ്രഫുൽ ഹിൻഗെ വൈഭവ് സൂര്യവംശിയെ ഡക്കിന് പുറത്താക്കി തന്റെ അരങ്ങേറ്റം ആഘോഷിച്ചത്. ബുംറയെയും ബോൾട്ടിനെയും ഹേസൽവുഡിനെയുമെല്ലാം അട്ടം പറത്തിയ വൈഭവിന്റെ വിക്കറ്റ് ആഘോഷിക്കാൻ തീർച്ചയായും ഹിൻഗെയ്ക്ക് അവകാശവുമുണ്ടായിരുന്നു.
എന്നാൽ ദിവസങ്ങൾക്കിപ്പുറം അതിനൊരു മറുപടിയും വൈഭവ് ഇന്ന് കാത്തുവെച്ചിരുന്നു. ജയ്‌പൂരിലെ സ്വന്തം തട്ടകത്തിൽ ഹിൻഗെയുടെ ആദ്യ ഓവറിൽ നാല് തവണയാണ് വൈഭവ് സിക്സർ പറത്തിയത്.
ഇന്നത്തെ സെഞ്ചുറിയോടെ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ രണ്ടാമനാകാനും വൈഭവിന് സാധിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് 330 റൺസാണ് വൈഭവ് നേടിയിട്ടുള്ളത്. 357 റൺസ് നേടിയിട്ടുള്ള കെ എൽ രാഹുലാണ് ലിസ്റ്റിൽ ഒന്നാമത്.
content highlights:vaibhav-suryavanshi-36-ball-century-vs-srh-ipl-2026