

കാലടി: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കുന്ന പരിപാടിക്ക് വിചിത്ര നിര്‍ദ്ദേശങ്ങളുമായി സംസ്‌കൃത സര്‍വ്വകലാശാല. ഗവര്‍ണര്‍ വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും നിയന്ത്രിതമായി മാത്രമേ കയ്യടിക്കാന്‍ പാടുള്ളൂവെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.
അനുവാദമില്ലാതെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കാന്‍ പാടില്ല. ഹാളില്‍ ഉടനീളം ശാന്തത പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. സര്‍ക്കുലര്‍ വിവാദമായതോടെ വിസി ഇടപെട്ടു. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ഡോ. സിസ തോമസ് വ്യക്തമാക്കി.
സർക്കുലർ ഇങ്ങനെ,
2026 ഏപ്രില്‍ 21-ന് രാവിലെ 10.30 മുതല്‍ സര്‍വകലാശാല യൂട്ടിലിറ്റി ഹാളില്‍ ശങ്കരജയന്തി ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. സര്‍വകലാശാലയിലെ എല്ലാ ജീവനക്കാരും അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കേണ്ടതാണെന്ന് ബഹുമാനപ്പെട്ട വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചിരിക്കുന്നു.
സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുക്കുന്നതിനാല്‍, പരിപാടിയിലുടനീളം താഴെ പറയുന്ന പ്രോട്ടോക്കോള്‍ പാലിക്കേണ്ടതാണ്:
എല്ലാവരും 10.30-ന് മുന്‍പ് തന്നെ ഹാളില്‍ എത്തി നിശ്ചിത സ്ഥാനങ്ങളില്‍ ഇരിക്കണം.
എല്ലാവരും ID കാര്‍ഡുകള്‍ ധരിക്കണം.
ഗവര്‍ണര്‍ ഹാളിലേക്ക് എത്തുന്നതിന് മുമ്പ് മൊബൈല്‍ ഫോണുകള്‍ സൈലന്റ് മോഡിലാക്കണം.
ഗവര്‍ണര്‍ വേദിയിലേക്ക് വരുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് ആദരവ് രേഖപ്പെടുത്തണം.
പ്രസംഗത്തിനിടെ ഹാളില്‍ പൂര്‍ണ്ണമായ ശാന്തത പാലിക്കണം. അനാവശ്യ ചലനങ്ങള്‍, ആംഗ്യങ്ങള്‍, സംസാരങ്ങള്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ഒഴിവാക്കണം. അനുമതി നല്‍കിയ വ്യക്തികള്‍ക്ക് മാത്രമേ ഹാളിലും പുറത്തും ഫോട്ടോയും വീഡിയോയും എടുക്കാന്‍ അനുവാദമുള്ളൂ.
സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അനധികൃതമായി വേദിയിലേക്കോ ഗവര്‍ണറുടെ അടുത്തേക്കോ പ്രവേശിക്കരുത്. പ്രസംഗം അവസാനിച്ച ശേഷം നിശ്ചിത രീതിയില്‍ കൈയടി നല്‍കി ആദരവ് രേഖപ്പെടുത്തണം. ഗവര്‍ണര്‍ വേദി വിടുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് ആദരവ് രേഖപ്പെടുത്തണം. ഗവര്‍ണര്‍ എത്തുന്നതുമുതല്‍ പരിപാടി അവസാനിക്കുന്നതുവരെ ആരും ഹാള്‍ വിട്ടുപോകരുത്.
ഗവർണർ വേദി വിട്ടിറങ്ങിയതിന് ശേഷം തുടര്‍ന്നുള്ള പരിപാടികൾക്ക് ശേഷം, കൃത്യമായ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമേ ഹാളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പാടുള്ളു.
Content Highlights: Sanskrit University suggestions for event attended by Governor Rajendra Arlekar