അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയുടെ സ്വന്തം ആമസോൺ ആകും: വന്‍ ലക്ഷ്യം പ്രഖ്യാപിച്ച് സെപ്റ്റോ

ഇന്ത്യയിൽ ജനസംഖ്യ കൂടുന്നതിനനുസരിച്ച് നഗരങ്ങളിൽ താമസിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്

അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയുടെ സ്വന്തം ആമസോൺ ആകും: വന്‍ ലക്ഷ്യം പ്രഖ്യാപിച്ച് സെപ്റ്റോ
dot image

അടുത്ത 5 വർഷത്തിനുള്ളിൽ വന്‍വളർച്ചാ ലക്ഷ്യം പ്രഖ്യാപിച്ച് അതിവേഗ ഗ്രോസറി ഡെലിവറി ആപ്പായ സെപ്റ്റോ . ആദിത് പാലിച, കൈവല്യ വോറ എന്നീ രണ്ട് യുവാക്കൾ ചേർന്ന് 2021-ലാണ് സെപ്റ്റോ ആരംഭിക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ വളരെ വേഗത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലൂടെ സ്റ്റാർട്ടപ്പ് ഇതിനോടകം വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. അടുത്ത 4 മുതൽ 5 വർഷത്തിനുള്ളിൽ ഭാരതത്തിന്റെ സ്വന്തം ആമസോൺ ആയി മാറാൻ സെപ്‌റ്റോയ്ക്ക്  സാധിക്കുമെന്ന് ആദിത് പലീച്ച പറഞ്ഞു.

ക്വിക്ക് കൊമേഴ്‌സിന്റെ ശക്തി

 സാധാരണ ഇ-കൊമേഴ്‌സ് സൈറ്റുകൾ സാധനങ്ങൾ എത്തിക്കാൻ ദിവസങ്ങൾ എടുക്കുമ്പോൾ, വെറും 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന തങ്ങളുടെ രീതിക്ക് വലിയ ഭാവിയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ വേഗതയാണ് തങ്ങളുടെ വിജയത്തിന്റെ രഹസ്യം. ഇന്ത്യയിലെ ഓൺലൈൻ വ്യാപാര രംഗത്ത് ആമസോണിനും ഫ്ലിപ്കാർട്ടിനും വെല്ലുവിളി ഉയർത്താൻ തക്കവണ്ണം സെപ്‌റ്റോ അതിവേഗം വളരുകയാണ്. 

രാജ്യത്തുടനീളം വിതരണത്തിനുള്ള ചെറിയ വെയർഹൗസുകൾ  വർദ്ധിപ്പിച്ചുകൊണ്ട് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ പലവ്യഞ്ജനങ്ങൾക്കും ഭക്ഷണങ്ങൾക്കുമാണ് മുൻഗണന നൽകുന്നതെങ്കിലും, ഭാവിയിൽ ആമസോണിനെപ്പോലെ എല്ലാത്തരം ഉൽപ്പന്നങ്ങളും അതിവേഗത്തിൽ എത്തിക്കുന്ന ഒരു വമ്പൻ കമ്പനിയായി മാറാനാണ് പ്ലാൻ.

വിദേശ കമ്പനിയായ ആമസോണിന് പകരമായി ഇന്ത്യയിൽ നിന്നുള്ള ഒരു വലിയ ഓൺലൈൻ വ്യാപാര ശൃംഖലയായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സെപ്‌റ്റോയെ വളർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ആദിത് പലീച്ച വ്യക്തമാക്കുന്നു.

ഇന്ത്യ വളർത്തും

ഇന്ത്യയിൽ ജനസംഖ്യ കൂടുന്നതിനനുസരിച്ച് നഗരങ്ങളിൽ താമസിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. തിരക്കേറിയ ജീവിതശൈലിയുള്ള ഈ വലിയ ജനവിഭാഗം സാധനങ്ങൾ പെട്ടെന്ന് വീട്ടിലെത്താൻ ആഗ്രഹിക്കുന്നത് ക്വിക്ക് കൊമേഴ്സ് കമ്പനികൾക്ക് വലിയ വിപണി നൽകുന്നു.ഇന്ത്യയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും സ്മാർട്ട്ഫോണുകളും ആപ്പുകളും ഉപയോഗിക്കാൻ താല്പര്യമുള്ള യുവാക്കളാണ്.

കുറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ ഓർഡർ ചെയ്യാനുള്ള ഇവരുടെ താല്പര്യം ഈ ബിസിനസിന്റെ വളർച്ചയ്ക്ക് വേഗത കൂട്ടുന്നു. ജനസംഖ്യ കൂടുതലായതിനാൽ ഡെലിവറി നടത്തുന്നതിനായി ധാരാളം യുവാക്കളെ ഈ കമ്പനികൾക്ക് എളുപ്പത്തിൽ ലഭിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ഓർഡറുകൾ എത്തിക്കാൻ ആവശ്യമായ വലിയൊരു തൊഴിൽ സേനയെ ഇന്ത്യയിൽ കണ്ടെത്താൻ പ്രയാസമില്ല.ഇതും സെപ്റ്റോ പോലുള്ള കമ്പനികളുടെ വളർച്ചക്ക് സഹായിക്കുന്നുണ്ട്.

Content Highlights: Zepto co-founder Aadit Palicha says the startup is on track to rival Amazon in India within 4-5 years through its 10-minute delivery model.

dot image
To advertise here,contact us
dot image