'വനിത സംവരണ ഭേദഗതി ബില്ലിന് പിന്നിൽ നിന്ദ്യമായ ലക്ഷ്യം, മോദിയും അമിത് ഷായും രാജ്യത്തോട് കള്ളം പറയുന്നു'

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടത്തെ മാറ്റിവരയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി

'വനിത സംവരണ ഭേദഗതി ബില്ലിന് പിന്നിൽ നിന്ദ്യമായ ലക്ഷ്യം, മോദിയും അമിത് ഷായും രാജ്യത്തോട് കള്ളം പറയുന്നു'
dot image

ന്യൂഡല്‍ഹി: വനിത സംവരണ ഭേദഗതി ബില്ലിന്റെ മറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യത്തോട് കള്ളം പറയുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രം പാസാക്കാന്‍ ശ്രമിക്കുന്നത് സ്ത്രീ സംവരണ ബില്ലാണെന്ന് അവകാശപ്പെടുന്നത് കളവാണ്. വിവാദ ബില്ലിന് പിന്നില്‍ നിന്ദ്യമായ ലക്ഷ്യമാണുള്ളത്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടത്തെ മാറ്റിവരയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും രാഹുല്‍ പറഞ്ഞു

റാണിപ്പേട്ടയിൽ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുലിൻ്റെ വിമർശനം.

പാര്‍ലമെന്റില്‍ മണ്ഡല പുനര്‍നിര്‍ണയം എന്ന പേരിൽ നടക്കുന്നത് തമിഴ്‌നാടിന്റെ ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. തമിഴ്‌നാട് തമിഴ്‌നാടിന്റെ സ്വന്തം ആളുകള്‍ ഭരിക്കുന്നതാണോ അതോ ഡല്‍ഹിയില്‍ നിന്നുള്ള പ്രതിനിധികളായവര്‍ ഭരിക്കുന്നതാണോ എന്ന ജനഹിതമാണ് സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. താനും കോണ്‍ഗ്രസ് പാര്‍ട്ടിയും വിശ്വസിക്കുന്നത് തമിഴരായവർ തമിഴ്‌നാട് ഭരിക്കണമെന്നാണ്. ഡല്‍ഹിയില്‍ തെരഞ്ഞെടുക്കുന്ന ഒരു പ്രതിനിധി സംസ്ഥാനത്തെ ഭരിക്കാന്‍ ഇടവരരുത്. സ്വതന്ത്ര നേതാക്കളായ സ്റ്റാലിനെ പോലുള്ളവരെ തങ്ങളുടെ ചൊല്‍പ്പടിക്കുന്ന നില്‍ക്കുന്ന സഖ്യകക്ഷികളെ ഉപയോഗിച്ച് മാറ്റിനിര്‍ത്താനാണ് ബിജെപിയുടെ അജണ്ടയെന്നും രാഹുൽ ആരോപിക്കുന്നു.

അതിനിടെ ലോക്‌സഭയില്‍ വോട്ടിങ്ങിനിട്ട വനിത സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്ത് വന്‍ പ്രതിഷേധവുമായി മഹിളാ മോര്‍ച്ച രംഗത്തെത്തി. പ്രതിപക്ഷം രാജ്യത്തെ ചതിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. രാജ്യത്തെ ജനങ്ങളോട് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് വനിതാ ശിശു വികസനമന്ത്രി അന്നപൂര്‍ണ ദേവി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. പ്രതിപക്ഷം വനിതാ വിരുദ്ധമാണെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടില്ലെന്നും അന്നപൂര്‍ണ ദേവി അവകാശപ്പെട്ടു.

Content Highlights: Congress leader Rahul Gandhi accused Prime Minister Narendra Modi and Union Home Minister Amit Shah of “lying to the nation” over the Women’s Reservation Bill

dot image
To advertise here,contact us
dot image