ഉരുക്ക് ഇറക്കുമതിക്ക് പരിധിവെച്ച് യൂറോപ്പ്, ലംഘിച്ചാല്‍ 50 ശതമാനം താരിഫ്; ടാറ്റ സ്റ്റീലിന് അപ്രതീക്ഷിത നേട്ടം

ടാറ്റ സ്റ്റീലിന് യൂറോപ്പിലും (നെതര്‍ലാന്‍ഡ്സ്), ഇന്ത്യയിലും യുകെയിലും ഉല്‍പാദന കേന്ദ്രങ്ങളുണ്ട്. ഓരോ വിഭാഗത്തെയും ഇത് വ്യത്യസ്ത രീതിയിലാണ് ബാധിക്കുക

ഉരുക്ക് ഇറക്കുമതിക്ക് പരിധിവെച്ച് യൂറോപ്പ്, ലംഘിച്ചാല്‍ 50 ശതമാനം താരിഫ്; ടാറ്റ സ്റ്റീലിന് അപ്രതീക്ഷിത നേട്ടം
dot image

തദ്ദേശീയ ഉരുക്ക് വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ഇറക്കുമതി ഗണ്യമായി കുറയ്ക്കാനും തീരുവ വര്‍ധിപ്പിക്കാനും യൂറോപ്യന്‍ യൂണിയന്‍ പ്രാഥമിക ധാരണയിലെത്തി. തീരുവയില്ലാതെ ഇറക്കുമതി ചെയ്യാവുന്ന ഉരുക്കിന്റെ പരിധി 18.3 ദശലക്ഷം ടണ്ണായി കുറച്ചു. ഈ പരിധിക്ക് മുകളില്‍ വരുന്ന ഇറക്കുമതിക്ക് 50 ശതമാനം വരെ നികുതി നല്‍കേണ്ടി വരും. ചൈന, ഇന്ത്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള ഉരുക്ക് ഇറക്കുമതി തടയുക എന്നതാണ് ലക്ഷ്യം. നിലവില്‍ യൂറോപ്പിലെ കമ്പനികള്‍ 65 ശതമാനം ശേഷിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ തീരുമാനത്തിലൂടെ ഇത് 80 ശതമാനമാക്കി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കരുതുന്നു.

tata steel

യൂറോപ്യന്‍ യൂണിയന്റെ ഈ നീക്കം ടാറ്റ സ്റ്റീലിന്റെ ഓഹരികളെ വരും ദിവസങ്ങളില്‍ അനുകൂലമായി സ്വാധീനിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ടാറ്റ സ്റ്റീലിന് യൂറോപ്പിലും (നെതര്‍ലാന്‍ഡ്സ്), ഇന്ത്യയിലും യുകെയിലും ഉല്‍പാദന കേന്ദ്രങ്ങളുണ്ട്. ഓരോ വിഭാഗത്തെയും ഇത് വ്യത്യസ്ത രീതിയിലാണ് ബാധിക്കുക. യൂറോപ്യന്‍ യൂണിയനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ നീക്കം ടാറ്റ സ്റ്റീല്‍ നെതര്‍ലാന്‍ഡ്സിന് ഗുണകരമാകും.

ഇറക്കുമതി കുറയുന്നതോടെ യൂറോപ്പില്‍ ഉരുക്ക് വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് കമ്പനിയുടെ ലാഭം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ടണ്‍ ഒന്നിന് ഏകദേശം 100 യൂറോയുടെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. യുകെ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാത്തതിനാല്‍, അവിടെ നിന്നുള്ള കയറ്റുമതി ഇറക്കുമതി ആയാണ് കണക്കാക്കുക. അതിനാല്‍ ഇതിന് നികുതി ബാധകമാകും. എങ്കിലും, ടാറ്റ സ്റ്റീല്‍ ഗ്രൂപ്പിന്റെ മൊത്തം വരുമാനത്തില്‍ യുകെ വിഭാഗത്തിന്റെ പങ്ക് കുറവായതിനാല്‍ (10 ശതമാനം) വലിയ ആഘാതം ഉണ്ടാകില്ല.

ഇന്ത്യന്‍ വിഭാഗത്തെ ഈ തീരുമാനം കാര്യമായി ബാധിക്കില്ല. ടാറ്റ സ്റ്റീല്‍ ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്ക് വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉരുക്ക് കയറ്റുമതി ചെയ്യുന്നുള്ളൂ. ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ ഉരുക്കിന് ശക്തമായ ഡിമാന്‍ഡ് ഉള്ളതും കമ്പനിക്ക് ആശ്വാസമാണ്. യൂറോപ്യന്‍ യൂണിയന്റെ പുതിയ നയം ടാറ്റ സ്റ്റീലിന് മൊത്തത്തില്‍ ഗുണകരമാകാനാണ് സാധ്യത. പ്രത്യേകിച്ച് യൂറോപ്പിനുള്ളിലെ ടാറ്റയുടെ ബിസിനസ്സിന് ഇത് വലിയ കരുത്തേകും.

Content Highlights: Surprise Winner? Why Tata Steel May Gain From EU Plan To Curb Imports, Slap 50% Tariffs

dot image
To advertise here,contact us
dot image