ഉണ്ണികൃഷ്ണൻ പോറ്റിക്ക് മുമ്പും ശബരിമലയിൽ സ്പോൺസർമാരെ മുൻനിർത്തി തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട് റിപ്പോർട്ടറിന്

2012ൽ കൊടിമരത്തിൽ സ്വർണ്ണ പെയിൻ്റടിച്ചത് യുഡിഎഫ് സർക്കാരിൻ്റെ കാലത്തെ ബോർഡും തന്ത്രിയും അറിഞ്ഞില്ല

ഉണ്ണികൃഷ്ണൻ പോറ്റിക്ക് മുമ്പും ശബരിമലയിൽ സ്പോൺസർമാരെ മുൻനിർത്തി തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട് റിപ്പോർട്ടറിന്
dot image

കൊച്ചി: ഉണ്ണികൃഷ്ണൻ പോറ്റിക്ക് മുമ്പും ശബരിമലയിൽ സ്പോൺസർമാരെ മുൻനിർത്തി തട്ടിപ്പ് നടന്നു. ശബരിമലയിൽ സ്പോൺസർമാരെ മുന്നിൽ നി‍ർ‌ത്തിയുള്ള തട്ടിപ്പുകൾ നേരത്തെയും നടന്നതിൻ്റെ തെളിവുകൾ റിപ്പോ‍ർട്ടറിന് ലഭിച്ചു. തന്ത്രിയോ, ദേവസ്വം ബോർഡോ അറിയാതെ കൊടിമരത്തിൽ സ്വർണ്ണ പെയിൻ്റടിച്ചതിൻ്റെ ഞെട്ടിക്കുന്ന വിവരം രേഖസഹിതം റിപ്പോർട്ടർ പുറത്തുവിട്ടു. അവസാന യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 2012ൽ നടന്ന സംഭവം ദേവസ്വം വിജിലൻസ് റിപ്പോർട്ട് ചെയ്തെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.

അന്ന് സ്പോൺസറായി കുമരൻ സിൽക്‌സിനെ എത്തിച്ചത് ഉദ്യോഗസ്ഥർ തന്നെയായിരുന്നു. മണ്ഡലപൂജ കഴിഞ്ഞ് നട അടച്ച ദിവസങ്ങളിലായിരുന്നു പെയിൻ്റ് ചെയ്യൽ എന്നും ആചാരലംഘനമെന്ന നിലയിൽ കാണേണ്ട പ്രവൃത്തിയാണ് അന്ന് ശബരിമലയിൽ നടന്നതെന്നുമുള്ള ​ഗുരുതരമായ കണ്ടെത്തലും റിപ്പോർട്ടിൽ ഉണ്ട്. ഈ വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത ദേവസ്വം വിജിലൻസ് എസ് പി സി പി ​ഗോപകുമാർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് പക്ഷെ അവ​ഗണിക്കുകയായിരുന്നു. സ്പോൺസർമാരെ മുൻനിർത്തിയുള്ള തട്ടിപ്പ് സൂക്ഷിക്കണമെന്ന റിപ്പോർട്ടിലെ മുന്നറിയിപ്പും പരി​ഗണിച്ചില്ല. അന്ന് ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചതിൻ്റെ ഫലമാണ് ഉണ്ണികൃഷ്ണൻ പോറ്റി എന്ന സ്പോൺസറുടെ നേതൃത്വത്തിൽ ഏറ്റവും ഒടുവിൽ നടന്ന ശബരിമല സ്വർണ്ണക്കൊള്ള എന്ന് കൂടിയാണ് വ്യക്തമാകുന്നത്.

2013 ജനുവരിയിലാണ് ​ഗോപകുമാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. 28/12/2011 മുതൽ 30/12/2011 വരെയുള്ള തീയതികളിൽ ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണകൊടിമരത്തിൻ്റെ ചുവട്ടിലെ പഞ്ച വർഗ്ഗത്തറയിലും, പീഠത്തിലും, അഷ്‌ടദിക്‌പാലക പ്രതിഷ്ഠകളിലും സ്വർണ്ണനിറത്തോടു സാമ്യമുള്ള പെയിൻ്റെ സ്‌പ്രേ ചെയ്‌ത്‌ ക്ഷേത്രാചാരവിരുദ്ധമായ പ്രവൃത്തി ചെയ്തുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2011-2012 കാലത്ത് ശബരിമലയിലെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന എം സതീഷ്‌കുമാർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന കെ രാജൻ എന്നിവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് പെയിൻ്റ് അടിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ശബരിമല ലെയ്‌സൺ ഓഫീസർ പി ബാലൻ ചെന്നൈയിലുള്ള കുമരൻ സിൽക്‌സ് എന്ന സ്ഥാപനത്തിൻ്റെ ചെലവിൽ അവർ നിയോഗിച്ച ജോലിക്കാരെ കൊണ്ട് ഈ പ്രവൃത്തി ചെയ്യിച്ചു എന്നാണ് റിപ്പോ‍ർ‌ട്ടിലുള്ളത്. ശബരിമല ക്ഷേത്രത്തിലെ തന്ത്രിയുടേയോ, ദേവസ്വം ബോർഡിൻ്റെയോ, ദേവസ്വം കമ്മീഷണറുടെയോ അറിവോ അനുവാദമോ ഇല്ലാതെ നടന്ന ഈ പ്രവൃത്തി ​ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോ‍ർട്ട് ചൂണ്ടിക്കാണിക്കുന്നത്. എം സതീഷ് കുമാർ, കെ രാജൻ, പി ബാലൻ എന്നിവർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഗുരുതരമായ വീഴ്‌ച വരുത്തി അച്ചടക്കലംഘനം നടത്തിയെന്ന് വ്യക്തമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

​സ്പോൺസ‍ർഷിപ്പുമായി ബന്ധപ്പെട്ട ​ഗുരുതര പരാമർശങ്ങളും റിപ്പോ‍ർട്ടിൽ ഉണ്ട്. ശബരിമല ദേവസ്വത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാർ ദേവസ്വം ബോർഡോ ദേവസ്വം കമ്മീഷണറോ അറിയാതെ ശബരിമലയിൽ എത്തുന്ന ഭക്തന്മാരെകൊണ്ട് ദേവസ്വത്തിന്റെ ചില ജോലികൾ സ്പോൺസർഷിപ്പിൽ ചെയ്യിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ആ പണിയുടെ പേരിൽ പ്രസ്‌തുത സ്പോൺസർമാർ അന്യസംസ്ഥാനങ്ങളിൽ നിന്നും കണക്കില്ലാതെ കോടിക്കണക്കിനു രൂപാ ശബരിമലയുടെ പേരിൽ പിരിക്കുകയും അതിൽ നിന്നും ചെറിയൊരു പങ്ക് തുക ശബരിമലക്കുവേണ്ടി ചെലവഴിച്ചശേഷം ബാക്കി തുക സ്പോൺസർമാരും ദേവസ്വം ഉദ്യോഗസ്ഥന്മാരും കൂടി വീതം വച്ചെടുക്കുന്നതായുള്ള ​ഗുരുതര കണ്ടെത്തലും റിപ്പോർ‌ട്ടിലുണ്ട്. ദേവസ്വം ഉദ്യോഗസ്ഥന്മാർക്കു ലഭിക്കുന്ന പണത്തിന് പ്രതിഫലമായി സ്പോൺസർമാർക്ക് ശബരിമലയിൽ അനർഹമായ സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുന്നതായി വെളിവായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ദേവസ്വം ബോർഡിൻ്റെ രേഖാമൂലമുള്ള ഉത്തരവില്ലാതെ യാതൊരുവിധ സ്പോൺസർഷിപ്പും സ്വീകരിക്കരുതെന്ന് ശബരിമല ദേവസ്വത്തിലെ ഉദ്യോഗസ്ഥന്മാർക്ക് കർശന നിർദ്ദേശം നൽകാവുന്നതാണ് എന്നും റിപ്പോർട്ടിൽ ശുപാർ‌ശയുണ്ട്.

ശബരിമലയിലെ സ്വർണ്ണ കൊടിമരത്തിൽ പെയിൻ്റ് ചെയ്‌തതുമൂലമുണ്ടായ ദോഷങ്ങൾക്ക് വേണ്ടതായ പ്രതിവിധി ശബരിമല തന്ത്രിയുമായി ആലോചിച്ച് ബോർഡിന്റെ അനുമതിയോടെ അടിയന്തിരമായി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദേശം നൽകാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Content Highlights: The Devaswom Vigilance report reveals that sponsorship fraud at Sabarimala Temple existed long before the gold-plating controversy involving Unnikrishnan Potti

dot image
To advertise here,contact us
dot image