ദീപികയുടെ വാർഷിക പരിപാടിയിൽ പങ്കെടുക്കാതെ ബിജെപി; പേര് വിളിച്ചെങ്കിലും പ്രതിനിധി എത്തിയില്ല

ചടങ്ങിൽ ബിജെപിയെ പരോക്ഷമായി വിമർശിച്ച് രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് രംഗത്തെത്തി

ദീപികയുടെ വാർഷിക പരിപാടിയിൽ പങ്കെടുക്കാതെ ബിജെപി; പേര് വിളിച്ചെങ്കിലും പ്രതിനിധി എത്തിയില്ല
dot image

കോട്ടയം: ദീപികയുടെ 140-ാം വാർഷിക പരിപാടിയിൽ പങ്കെടുക്കാതെ ബിജെപി. ബിജെപി സെൻട്രൽ സോൺ പ്രസിഡൻ്റ് എൻ ഹരിയുടെ പേര് വായിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ദീപികയും ബിജെപിയും തമ്മിലുള്ള പോര് കനത്തിരിക്കെയാണ് ബിജെപി പ്രതിനിധിയുടെ ഈ വിട്ടുനിൽക്കൽ. എന്നാൽ സ്ഥലത്ത് ഇല്ലാത്തതിനാലാണ് പരിപാടിക്കെത്താതിരുന്നതെന്ന് എൻ ഹരി പറഞ്ഞു.

ചടങ്ങിൽ ബിജെപിയെ പരോക്ഷമായി വിമർശിച്ച് രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് രംഗത്തെത്തി. സഭ നൽകിയ വിഷു കൈനീട്ടമാണ് ദീപിക. ദീപിക ഉയർത്തിപ്പിടിക്കുന്നത് ഒരു വ്യക്തിയുടെയോ സഭയുടെയോ കാഴ്ചപ്പാടല്ല. നിലപാടുകളിൽ അണുവിട വ്യത്യാസമില്ലാതെ ദീപിക മുന്നോട്ടു പോകും. അഭിപ്രായസ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവ് വെയ്ക്കില്ല. അത് മുഖപ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ദീപിക ആരെയും ഭയപ്പെടില്ല എന്നും അങ്ങനെ ഭയപ്പെടുന്നത് ദൈവത്തെ മാത്രമെന്നും ഫാ. മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞു.

ദീപികയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്തെത്തിയതാണ് മറുപടിക്ക് കാരണം. ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന ആഹ്വാനമുള്ള ദീപികയിലെ തെരഞ്ഞെടുപ്പ് ദിനത്തെ പ്രതികരണമാണ് ഷോണിനെ ചൊടിപ്പിച്ചത്.
ദീപികയിലെ ചില വ്യക്തികൾ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുകയാണ് എന്നുമാണ് ഷോൺ ജോർജ് പറഞ്ഞത്. സഭയുടെ മുഖപത്രം സഭയുടെ താത്പര്യങ്ങളാണ് സംരക്ഷിക്കേണ്ടത്. നിക്ഷേപകർ എഡിറ്റോറിയൽ പോളിസിയിൽ ഇടപെടുന്നുണ്ടോ എന്നറിയാൻ സഭയുടെ മക്കളായ ഞങ്ങൾക്കെല്ലാം അവകാശമുണ്ട്. സഭയുടെ ആശങ്കകൾ എല്ലാം ബിജെപി അംഗീകരിച്ചു. എന്നാൽ ദീപികയിൽ വരുന്നത് കോൺഗ്രസ് പരസ്യങ്ങളാണ്. പിതാക്കന്മാരുടെ ലേബലിൽ യുഡിഎഫിന് വേണ്ടി ചിലർ വിടുപണി ചെയ്യുകയാണ്. ദീപിക ഇത് നിർത്തണമെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു.

പിന്നാലെ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തിയ ഷോൺ ജോർജ് സഭയ്‌ക്കെതിരെ താനും ബിജെപിയും ഒന്നും പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു. ദീപികയിൽ വരുന്ന എല്ലാ അഭിപ്രായങ്ങളും സഭയുടെ അഭിപ്രായങ്ങളല്ലെന്നും അത് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന ചുമതലയാണ് താൻ ചെയ്തത് എന്നുമാണ് ഷോൺ ജോർജ് പറഞ്ഞത്. തെരഞ്ഞെടുപ്പ് ദിനത്തിൽ ദീപിക പത്രത്തിലെ വാർത്ത ഏതൊരു ക്രൈസ്തവനെപ്പോലെ തന്നെയും വേദനിപ്പിച്ചതായും ഈ നിലപാടിലെ അഭിപ്രായ വ്യത്യാസം സിറോ മലബാർ സഭാ നേതൃത്വത്തെ അറിയിച്ചതായും ഷോൺ ജോർജ് പറഞ്ഞിരുന്നു.

Content Highlights: The 140th anniversary celebration of Deepika newspaper witnessed controversy after the BJP chose not to participate in the event. Although BJP Central Zone President N Hari’s name was announced among the attendees, he did not attend the function

dot image
To advertise here,contact us
dot image