

പേട്രിയറ്റിൻ്റെ വിലക്ക് പിൻവലിച്ച് ഫിയോക്ക്. നിർമ്മാതാവ് ആന്റോ ജോസഫും ഫിയോക് പ്രസിഡന്റും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഹോൾഡ് ഓവറായാലും ചിത്രത്തിന് 50 ശതമാനം തിയേറ്റർ വിഹിതം ഉറപ്പാക്കാൻ ആണ് തീരുമാനം. വിഹിതം കൂട്ടി ചോദിച്ചതിനാണ് സിനിമയ്ക്ക് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
മലയാള സിനിമകള്‍ തിയറ്ററില്‍ എത്തുമ്പോള്‍ തിയറ്റര്‍ ഉടമകള്‍ ആദ്യ ആഴ്ചയില്‍ 60 ശതമാനം വിഹിതവും രണ്ടാം ആഴ്ചയില്‍ 55 ശതമാനം വിഹിതവും മൂന്നാമത്തെ ആഴ്ച 50 ശതമാനം വിഹിതവുമാണ് നല്‍കുന്നത്. എന്നാല്‍ പേട്രിയറ്റിന്‍റെ നിര്‍മാതാക്കള്‍ ആദ്യത്തെ രണ്ടാഴ്ചയിലും 60 ശതമാനം വിഹിതം തന്നെ വേണമെന്ന് ആവശ്യപ്പെട്ട് എഗ്രിമെന്‍റ് വയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഫിയോക്ക് രംഗത്ത് എത്തിയത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. മെയ് ഒന്നിന് സിനിമ പുറത്തിറങ്ങും. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.
Content Highlights: Feuok lifts ban on Patriot; decides to ensure 50 percent theatrical share for the film