

ക്രിക്കറ്റിലെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാക്കിന്‍റെ 2026ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രഖ്യാപിക്കപ്പെട്ട ഒൻപത് പ്രധാന പുരസ്കാരങ്ങളിൽ ഏഴെണ്ണവും ഇന്ത്യയാണ് സ്വന്തമാക്കിയത്ത്. കൂടാതെ വിസ്ഡൻ തിരഞ്ഞെടുത്ത വർഷത്തെ അഞ്ച് മികച്ച താരങ്ങളിൽ നാല് പേരും ഇന്ത്യൻ താരങ്ങൾ. ഇതോടെ ചരിത്രനേട്ടമാണ് ഇന്ത്യ കുറിച്ചത്. 2025ൽ ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, മുഹമ്മദ് സിറാജ് എന്നിവരെ ഈ അവാർഡിന് അർഹരാക്കിയത്. ഇംഗ്ലീഷ് താരം ഹസീബ് ഹമീദ് മാത്രമാണ് ഈ പട്ടികയിലെ ഏക വിദേശതാരം.
പരമ്പരയിൽ 754 റൺസ് അടിച്ചുകൂട്ടിയ ശുഭ്മൻ ഗില്ലിനെ മികച്ച വ്യക്തിഗത പ്രകടനത്തിനുള്ള വിസ്ഡൻ ട്രോഫിയും തേടിയെത്തി. ലോകത്തെ മികച്ച വനിതാ താരമായി ദീപ്തി ശർമയും മികച്ച ടി20 താരമായി അഭിഷേക് ശർമയും തിരഞ്ഞെടുക്കപ്പെട്ടതോടെ പുരസ്കാരപ്പട്ടികയിലെ ഇന്ത്യൻ താരങ്ങളുടെ ആധിപത്യമായിരുന്നു. ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കാണ് ലോകത്തെ മികച്ച പുരുഷ താരം. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഗിൽ കാഴ്ചവച്ച ഐതിഹാസിക പ്രകടനവും ഹെഡിംഗ്ലിയിലെ പന്തിന്‍റെ ഇരട്ട സെഞ്ചുറികളും ഓവലിലെ സിറാജിന്‍റെ വിക്കറ്റ് വേട്ടയും വിസ്ഡൻ എഡിറ്റർ ലോറൻസ് ബൂത്ത് പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2–2 എന്ന നിലയിൽ സമനിലയിലാക്കുന്നതിൽ ഈ താരങ്ങളുടെ പ്രകടനം അതിനിർണ്ണായകവുമായിരുന്നു.
Content highlight: Wisden awards announced; India wins seven out of nine