'യുഡിഎഫ് 100 ലധികം സീറ്റുകൾ നേടും. തുടർഭരണം ലഭിക്കുമെന്ന് പറയാൻ ആർജ്ജവം ഉള്ള ഒറ്റ നേതാവ് സിപിഐഎമ്മിലില്ല'

പോളിങ് ശതമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായിയെന്നും അദ്ദേഹം പറഞ്ഞു

'യുഡിഎഫ് 100 ലധികം സീറ്റുകൾ നേടും. തുടർഭരണം ലഭിക്കുമെന്ന് പറയാൻ ആർജ്ജവം ഉള്ള ഒറ്റ നേതാവ് സിപിഐഎമ്മിലില്ല'
dot image

കൊല്ലം: കേരളത്തിൽ യുഡിഎഫിന് വിസ്മയകരമായ വിജയം ഉണ്ടാകുമെന്നും 100 ലധികം സീറ്റുകൾ നേടുമെന്നും ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എൻ കെ പ്രേമചന്ദ്രൻ. തുടർഭരണം ലഭിക്കുമെന്ന് കൃത്യമായി പറയാൻ ആർജ്ജവം ഉള്ള ഒറ്റ നേതാവ് സിപിഐഎമ്മില്ലില്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പോളിങ് ശതമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയതയെയും ഒരു പോലെ പ്രീതിപ്പെടുത്തിയതായിരുന്നു സിപിഐഎം പ്രചാരണം. കുന്നത്തൂരിൽ സിപിഐഎം-എസ്ഡിപിഐ ബാന്ധവം നടന്നു. ചാത്തന്നൂരിൽ ബിജെപി പണം വാരിയെറിഞ്ഞുവെന്നും അത് ഫലം കാണില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതിന് സമാനമായ നയം കേരളത്തിലും നടപ്പാക്കാൻ ശ്രമിച്ചുവെന്നും യുഡിഎഫ് സർക്കാരുണ്ടാകുമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

പയ്യന്നൂരിലും തളിപ്പറമ്പിലും ഉണ്ടാകാൻ പോകുന്നത് വലിയ മാറ്റമാണ്. പരാജയ ഭീതി മൂലം സിപിഐഎം കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പയ്യന്നൂരിൽ വ്യാപക കള്ള വോട്ട് നടന്നു. പരാതി ഉയർന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചില്ല. സിപിഐഎം നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലലയടിച്ചത് പിണറായിസത്തിനെതിരായ വികാരമാണെന്നും ആന്റി പിണറായി ഇൻ കമ്പൻസി ഫാക്ടറാണ് കേരളത്തിൽ ഉണ്ടായതെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. മറ്റാരുണ്ടെന്ന് ചോദ്യത്തിന് ജനം ശക്തമായി പ്രതികരിച്ചുവെന്നും രാഹുൽ ഗ്യാരന്റികൾ ജനം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. എസ്ഐആറിലൂടെ വോട്ടർ പട്ടികയിൽ നിന്ന് കുറേ പേരുകൾ പോയത് പോളിംഗ് ശതമാനം ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേത് പോലെയുള്ള എസ്ഐആർ അല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കൃത്യമായി ഹൈക്കമാൻഡിന് കഴിയും. ഉചിതമായ തീരുമാനം എടുക്കാൻ സാധിക്കും. മൂന്ന് സീറ്റുകൾ ആർഎസ്പിക്ക് ഉറപ്പാണ്. കുന്നത്തൂരിലും ഇരവിപുരത്തും ചവറയിലും ഉറപ്പായും ആർഎസ്പി എംഎൽഎമാർ ഉണ്ടാകും. ആറ്റിങ്ങലിൽ 50 ശതമാനം സാധ്യതയുണ്ട്. പയ്യന്നൂരിൽ പ്രതീക്ഷ ട്രെൻഡുണ്ടായാൽ വിജയിക്കും. കൊല്ലത്ത് 9 സീറ്റുകൾ പരമാവധിയും 7 സീറ്റുകൾ കുറഞ്ഞത് ലഭിക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

ബിജെപിയുടെ തന്ത്രപരമായ പരാജയമാണ് എഫ്‌സിആർഎ നിയമഭേദഗതി ബില്ലെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. സാമാന്യ ബുദ്ധിയുള്ള ആരും തെരഞ്ഞെടുപ്പ് കാലത്ത് ഈ ബിൽ കൊണ്ടുവരില്ലയെന്നും ഒരു ബിൽ ഉപയോഗിച്ച് ഒരു ജനവിഭാഗത്തെ നിയന്ത്രിക്കാം എന്ന് ബിജെപി കരുതിയെന്നും എൻ കെ പ്രേമചന്ദ്രൻ വിമർശിച്ചു. വനിതാ സംവരണ ബില്ലിൽ ചില ഒളിച്ചുകടത്തലുകൾ ഉണ്ടോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight : N K Premachandran MP said that the UDF will secure a remarkable victory in Kerala and win more than 100 seats

dot image
To advertise here,contact us
dot image