സീറോദ കോയിൻ ആപ്പ് വഴി ഇനി ഫിക്സഡ് ഡിപ്പോസിറ്റും, ബാങ്കിൽ പോകാതെ എഫ്ഡി ഇടാം

മ്യൂച്വൽ ഫണ്ടുകളും ഓഹരികളും കൈകാര്യം ചെയ്യുന്ന അതേ ആപ്പിൽ തന്നെ എഫ്ഡികളും ഇനി കാണാൻ സാധിക്കും

സീറോദ കോയിൻ ആപ്പ് വഴി ഇനി ഫിക്സഡ് ഡിപ്പോസിറ്റും, ബാങ്കിൽ പോകാതെ എഫ്ഡി ഇടാം
സുമ സണ്ണി
1 min read|10 Apr 2026, 04:37 pm
dot image

സീറോദയുടെ മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമായ കോയിൻ ആപ്പിലൂടെ ഫിക്സഡ് ഡിപ്പോസിറ്റ് സൗകര്യം ലഭ്യമാകും. ഇനി മുതൽ സീറോദ കോയിൻ ആപ്പ് വഴി നിങ്ങൾക്ക് വിവിധ ബാങ്കുകളുടെ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ പണം നിക്ഷേപിക്കാം. അതായത് മ്യൂച്വൽ ഫണ്ടുകളും ഓഹരികളും കൈകാര്യം ചെയ്യുന്ന അതേ ആപ്പിൽ തന്നെ എഫ്.ഡി കളും ഇനി കാണാൻ സാധിക്കും.

ബാങ്കുകൾ

നിലവിൽ സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക്, യൂണിറ്റി സ്‌മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ എഫ്.ഡി സ്കീമുകളാണ് ലഭ്യമാകുന്നത്. ഈ സേവനത്തിനായി നിക്ഷേപകരിൽ നിന്ന് സീറോദ പ്രത്യേകം ഫീസൊന്നും ഈടാക്കില്ല. ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന കമ്മീഷൻ വഴിയാണ് അവർ ഇതിൽ നിന്ന് വരുമാനം കണ്ടെത്തുന്നത്. വ്യത്യസ്ത ബാങ്കുകളിൽ എഫ്.ഡി ഉള്ളവർക്ക് അതെല്ലാം ഒരൊറ്റ ആപ്പിലൂടെ നിയന്ത്രിക്കാനും ട്രാക്ക് ചെയ്യാനും സാധിക്കും.

ഓഹരി വിപണിയിലെ റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തവർക്കും സേവിങ്സ് അക്കൗണ്ടിലുള്ള പണം സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഉപകരിക്കും.

ഒറ്റ പ്ലാറ്റ് ഫോം ഒരുപിടി സേവനങ്ങൾ

ഉപഭോക്താക്കൾക്ക് നിക്ഷേപത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും; ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇപ്പോൾ എഫ്.ഡി ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ നൽകുക എന്നതാണ് സീറോദ ഇതിലൂടെ ലക്ഷ്യമിടുന്നത്. ചുരുക്കത്തിൽ, ബാങ്കിൽ നേരിട്ട് പോകാതെ തന്നെ കോയിൻ ആപ്പ് വഴി എളുപ്പത്തിൽ സ്ഥിരനിക്ഷേപം നടത്താനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.

സുരക്ഷിതമാണോ?

നിങ്ങൾ പണം നിക്ഷേപിക്കുന്നത് സീറോദയിലല്ല, മറിച്ച് പങ്കാളികളായ ബാങ്കുകളിലാണ്. നിങ്ങളുടെ പണം നേരിട്ട് ഈ ബാങ്കുകളിലേക്കാണ് പോകുന്നത്. സീറോദ ഒരു ഇടനിലക്കാരൻ മാത്രമാണ്. അതിനാൽ സീറോദ എന്ന കമ്പനിക്ക് എന്തെങ്കിലും സംഭവിച്ചാലും നിങ്ങളുടെ എഫ്.ഡി സുരക്ഷിതമായി ബാങ്കിലുണ്ടാകും.ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ ബാങ്കുകളെല്ലാം ആർ.ബി.ഐയുടെ കീഴിലുള്ള ഇൻഷുറൻസ് പരിരക്ഷയുള്ളവയാണ്. ഒരു ബാങ്ക് തകരുകയാണെങ്കിൽ, ഓരോ നിക്ഷേപകനും 5 ലക്ഷം രൂപ വരെ മുതലും പലിശയും ചേർത്ത് ഇൻഷുറൻസ് വഴി തിരികെ ലഭിക്കാൻ നിയമപരമായ അവകാശമുണ്ട്.ചുരുക്കത്തിൽ പറഞ്ഞാൽ നേരിട്ട് ബാങ്കിൽ പോയി എഫ്.ഡി ഇടുന്ന അതെ സുരക്ഷിതത്വം തന്നെയാണ് ഇതിനുമുള്ളത്.

content highlights Zerodha on Thursday launched fixed deposits on its Coin platform, which will allow users to invest in FD schemes across partner banks

dot image
To advertise here,contact us
dot image