കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

കളക്ടറുടെ പേജിൽ ഹൽവ നൽകുന്ന റീൽസ് ഉള്ളതിനാൽ കളക്ടറേറ്റിലും വിളിച്ച് പരാതി അറിയിച്ചു

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല;  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്
dot image

കല്‍പ്പറ്റ: ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ ഉടനെ ബൂത്തിലെ ഉദ്യോഗസ്‌ഥരോട് യുവാവ് ഹൽവ ആവശ്യപ്പെട്ടു. എന്നാൽ ഹൽവ ഇവിടെ ഇല്ലെന്ന മറുപടിയാണ് ഉദ്യോ​ഗസ്ഥർ നൽകിയത്. തുടർന്ന് വെബ്സൈറ്റിൽ കയറി തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ തിരുവനന്തപുരം ഓഫീസ് നമ്പരിൽ വിളിച്ച് പരാതി പറയുകയായിരുന്നു. തിരഞ്ഞെടുത്ത ബൂത്തുകളിൽ മാത്രമാണ് മധുരം നൽകുന്നതെന്നാണ് അധികൃതർ നൽകിയ മറുപടിയെന്ന് യുവാവ് പറഞ്ഞു.

കലക്ടറുടെ പേജിൽ ഹൽവ നൽകുന്ന റീൽസ് ഉള്ളതിനാൽ കലക്ടറേറ്റിലും വിളിച്ച് പരാതി അറിയിച്ചു. റിപ്പോർട്ട് ചെയ്യാം എന്ന മറുപടിയാണ് രണ്ടിടത്തു നിന്നും ലഭിച്ചതെന്നാണ് യുവാവ് പറഞ്ഞത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്ന കന്നി വോട്ടർമാർക്ക് മധുരം പകരാനായി ഹൽവ നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.

ആകെ 715 ബൂത്തുള്ള വയനാട്ടിൽ കന്നിവോട്ടർമാർക്കു വിതരണം ചെയ്യാൻ എത്തിയത് 200 കഷണം ഹൽവ മാത്രമാണ്. എല്ലാ കന്നിവോട്ടർമാർക്കും നൽകാൻ ഇതു തികയില്ലെന്നതിനാൽ ഓരോ മണ്ഡലത്തിലും ഓരോ ബൂത്തിൽ വീതം നൽകിയെന്നാണ് വിവരം. കൽപറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ ഏറ്റവുമധികം കന്നിവോട്ടർമാരുള്ള ബൂത്തുകൾ തിരഞ്ഞെടുത്താണു ഹൽവ കൊടുത്തത്.കണിയാമ്പറ്റ യുപിഎസ്, മീനങ്ങാടി കമ്യൂണിറ്റി ഹാൾ, കുഞ്ഞോം ഗവ. എച്ച്എസ് എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഹൽവ വിതരണം. കണിയാമ്പറ്റയിൽ 51, മീനങ്ങാടിയിൽ 50, കുഞ്ഞോത്ത് 38 എന്നിങ്ങനെയാണു കന്നിവോട്ടർമാർക്ക് ഹൽവ നൽകിയത്.

Content Highlights: First-time voter approaches Election Commission with complaint of not getting halwa

dot image
To advertise here,contact us
dot image