

യുഎഇയിലെ ജനജീവിതം വീണ്ടും സാധാരണ നിലയിലേക്ക്. സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ ഈദ് അവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് നിരവധി പ്രവാസികള്‍. സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവ് വന്നതോടെയാണ് യുഎഇയിലെ ജനജീവിതം വീണ്ടും സാധാരണ നിലയിലേക്ക് എത്തിയത്.
ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ വ്യോമയാന മേഖലയും കൂടുതല്‍ സജീവമാവുകയാണ്. വെടിനിത്തല്‍ കരാര്‍ തുടരുമെന്നും മേഖലയില്‍ സ്ഥിരമായ സമാധാനം പുനസ്ഥാപിക്കുമെന്നുമാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവർ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ വരും മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കുകള്‍ കുറയുമെന്ന സൂചനയും ചില ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്നുണ്ട്.
ഇന്ധനവിലയില്‍ മാറ്റം വരുന്നതോടെ അധികം വൈകാതെ തന്നെ ഇതിന്റെ മാറ്റങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിച്ചു തുടങ്ങുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവക്കുന്നു. ഇത്തവണ വലിയ പെരുന്നാളിന് നീണ്ട അവധിക്ക് സാധ്യതയുള്ളതിനാല്‍ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളും നിരവധി പ്രവാസികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന് പുറമെ ഇന്ത്യയില്‍ സ്‌കൂള്‍ അവധിക്ക് നാട്ടിലേക്ക് പോകാനായി കാത്തിരുന്ന പലരും ഇപ്പോള്‍ ടിക്കറ്റ് ബുക്കിങ് ചെയ്യുന്നതിനുള്ള തിരക്കിലുമാണ്.
നിലവില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോകുന്നവരാണ് കൂടുതലായി യാത്ര ചെയ്യുന്നത്. സാഹചര്യം പൂര്‍ണ്ണമായും മാറുന്നതോടെ വിനോദസഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായും പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പല വിദേശ വിമാനക്കമ്പനികളും സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്ന ഇടങ്ങളില്‍ നിന്ന് ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നു.
Content Highlights: Life in the UAE is returning to normal as expatriates begin preparations to travel back home. Improved conditions and stability are encouraging many to plan their journeys.