

ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി റിസർവ് ബാങ്ക് പുതിയ കാര്യങ്ങൾ നടപ്പിലാക്കും. നിങ്ങൾ ഒരാൾക്ക് ആദ്യമായി പണം അയക്കുമ്പോഴോ അല്ലെങ്കിൽ ഒരു വലിയ തുക കൈമാറുമ്പോഴോ ഉടൻ തന്നെ പണം പോകില്ല. അതിന് മുൻപായി ഒരു നിശ്ചിത സമയം, ഉദാഹരണത്തിന് ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വരും.

തട്ടിപ്പ് തടയാൻ
പതിനായിരം രൂപയ്ക്ക് മുകളിലുള്ള വലിയ ഇടപാടുകൾ നടത്തുമ്പോൾ ഉടൻ തന്നെ പണം കൈമാറ്റം ചെയ്യപ്പെടില്ല. ഒരു മണിക്കൂർ കഴിഞ്ഞേ ആ ഇടപാട് പൂർത്തിയാകൂ. തട്ടിപ്പുകാർ ആളുകളെ പേടിപ്പിച്ചോ സമ്മർദ്ദത്തിലാക്കിയോ ഉടൻ പണം തട്ടിയെടുക്കുന്നത് തടയാനാണ് ഇത്. ഈ ഒരു മണിക്കൂറിനുള്ളിൽ താൻ വഞ്ചിക്കപ്പെടുകയാണോ എന്ന് ചിന്തിക്കാനും വേണമെങ്കിൽ ഇടപാട് റദ്ദാക്കാനും ഉപഭോക്താവിന് സാധിക്കും. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ തട്ടിപ്പുകൾക്ക് ഇരയാകാൻ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാൻ, അവർ ഒരു ഇടപാട് നടത്തുമ്പോൾ അവരുടെ കുടുംബാംഗമോ സുഹൃത്തോ ആയ മറ്റൊരു വിശ്വസ്ത വ്യക്തി കൂടി അത് ശരിവെച്ചാൽ മാത്രം പണം പോകുന്ന രീതിയും ആലോചനയിലുണ്ട്.
കിൽ സ്വിച്ച്
നമ്മുടെ അക്കൗണ്ടിൽ നിന്ന് പണം ആരെങ്കിലും തട്ടിയെടുക്കുന്നു എന്ന് തോന്നിയാൽ ആ നിമിഷം തന്നെ എല്ലാ ഡിജിറ്റൽ ഇടപാടുകളും ബ്ലോക്ക് ചെയ്യാൻ സാധിക്കുന്ന കിൽ സ്വിച്ച് എന്നൊരു സംവിധാനത്തെകുറിച്ചും ആലോചിക്കുന്നുണ്ട്. ഒരു സ്വിച്ച് അമർത്തുന്നത് പോലെ പെട്ടെന്ന് തന്നെ ഇടപാടുകൾ നിർത്തിവെക്കാൻ ഇത് സഹായിക്കും.
മാനസിക സമ്മർദ്ദം കുറയ്ക്കാൻ
തട്ടിപ്പുകാർ സാധാരണയായി ഇപ്പോൾ തന്നെ പണം അയച്ചില്ലെങ്കിൽ പോലീസ് വരും അല്ലെങ്കിൽ അക്കൗണ്ട് പൂട്ടും എന്ന് പറഞ്ഞ് പേടിപ്പിക്കാറുണ്ട്. ഒരു മണിക്കൂർ താമസം ലഭിക്കുന്നത് വഴി ഇത്തരത്തിലുള്ള സമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. പണം ഉടൻ കൈമാറ്റം ചെയ്യപ്പെടാത്തതിനാൽ, തട്ടിപ്പ് നടന്നാൽ ബാങ്കിന് ആ പണം തടഞ്ഞു വെക്കാൻ സമയം ലഭിക്കും. അടിയന്തരമായി പണം കൈമാറേണ്ട സാഹചര്യങ്ങളിൽ ഈ കാത്തിരിക്കേണ്ട സമയം ഒരു ചെറിയ ബുദ്ധിമുട്ടായേക്കാം. എങ്കിലും വലിയ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ ഇത്തരം മുൻകരുതലുകൾ അത്യാവശ്യമാണെന്നാണ് ആർ.ബി.ഐ കരുതുന്നത്. നിലവിൽ ഇതൊരു നിർദ്ദേശം മാത്രമാണ്, വരും മാസങ്ങളിൽ ഇതിൽ അന്തിമ തീരുമാനമുണ്ടാകും.
content highlights: RBI may mandate a 1-hour wait for UPI transfers above ₹10,000