

പാലക്കാട്: വോട്ടിന് വേണ്ടി വയോധികയ്ക്ക് പണം നല്‍കിയ സ്ത്രീ പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനൊപ്പം നില്‍ക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. കോണ്‍ഗ്രസാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ശോഭക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തു വിട്ടത്. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എത്തിയപ്പോഴാണ് സ്ത്രീ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്നത്. ഇന്ന് കണ്ണാടിയില്‍ യുവതി ശോഭ സുരേന്ദ്രന്റെ കാറില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
പണം നല്‍കിയെന്ന് പറയപ്പെടുന്ന സ്ത്രീയെ തനിക്ക് അറിയില്ലെന്നായിരുന്നു ശോഭയുടെ പ്രതികരണം. ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു പുറത്ത് വിട്ടത്. കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ അത് ശരിവെച്ച് കാറില്‍ കയറി. ഈ സമയം ശോഭാ സുരേന്ദ്രന്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ശോഭ എതിര്‍ത്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കോണ്‍ഗ്രസ് പകര്‍ത്തിയ ദൃശ്യത്തില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതില്ലെന്ന് ശോഭ പറയുന്നത് കേള്‍ക്കാം. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ശോഭ പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ ശോഭ പിടിച്ചുവാങ്ങാനും ശ്രമിച്ചിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനും ഉണ്ടായിരുന്നു.
Content Highlights: Congress releases picture of Shobha Surendran standing at BJP office with woman who paid for her vote