'കാപട്യമേ നിന്റെ പേരോ പിണറായി'; നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചുവരും: വി ഡി സതീശന്‍

തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സര്‍വ്വേകള്‍ തട്ടിക്കൂട്ട് ആണെന്നും വി ഡി സതീശന്‍ പറഞ്ഞു

'കാപട്യമേ നിന്റെ പേരോ പിണറായി'; നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചുവരും: വി ഡി സതീശന്‍
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'കാപട്യമേ നിന്റെ പേരോ പിണറായി' എന്ന് ചോദിക്കേണ്ടി വരികയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. എസ്ഡിപിഐ, പിഡിപി, ആര്‍എസ്എസ് പിന്തുണകളെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

'എസ്ഡിപിഐ തീവ്രവാദ സംഘടനയെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വായിച്ചത്. തെരഞ്ഞെടുപ്പില്‍ അവരുമായി കൂട്ടുചേര്‍ന്ന് മത്സരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തെപ്പോലും കാറ്റില്‍പ്പറത്തികൊണ്ടാണ് പിണറായി നീങ്ങുന്നത്', വി ഡി സതീശന്‍ പറഞ്ഞു.

ബിജെപി ഈസ്റ്ററും ക്രിസ്തുമസും വരുമ്പോള്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകും. എന്നിട്ടിപ്പോള്‍ എഫ്‌സിആര്‍എ ഭേദഗതി ബില്‍ വന്നു. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണ് ബിജെപി. സിപിഐഎമ്മിന്റേയും ബിജെപിയുടെയും സംഘപരിവാറിന്റേയും മുഖം ഈ തെരഞ്ഞെടുപ്പില്‍ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സര്‍വ്വേകള്‍ തട്ടിക്കൂട്ട് ആണെന്നും വി ഡി സതീശന്‍ പറഞ്ഞു. 'പെയ്ഡ് സര്‍വ്വേകളാണ് ഭൂരിഭാഗവും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അങ്ങനെയായിരുന്നു. വി കെ ശ്രീകണ്ഠനും ഹൈബി ഈഡനും ഷാഫി പറമ്പിലും പരാജയപ്പെടുമെന്നായിരുന്നു സര്‍വ്വേകള്‍. യഥാര്‍ത്ഥ ജനവികാരം സര്‍വ്വേകളില്‍ പ്രതിഫലിക്കില്ല. നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചുവരും. ജനവികാരം തിരിച്ചറിയാം. സര്‍ക്കാരിനെതിരെ ജനവികാരമുണ്ട്. ചരിത്രത്തിലാദ്യമായി എന്തുചെയ്യണമെന്ന നിര്‍ദേശമായ ഗവേഷണ തുല്യമായ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ബദല്‍ പദ്ധതികളാണ് മുന്നിലുള്ളത്. സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണ് മുന്നിലുണ്ട്. സമഗ്രമായ മാറ്റങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരും എന്നും വി ഡി സതീശന്‍ പറഞ്ഞു.

സുരേഷ് ഗോപി എഫ്‌സിആര്‍എ ബില്ലിലെ പ്രൊവിഷന്‍സ് വായിച്ചുനോക്കണം. എപ്പോള്‍ വേണമെങ്കിലും ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കാം. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുക്കാം. കേന്ദ്രം ചര്‍ച്ച് ബില്ലും തയ്യാറാക്കുന്നുണ്ട്. എഫ്‌സിആര്‍എ ആക്ട് വേണം എന്നാല്‍ ന്യൂനപക്ഷങ്ങളുടെ ആസ്തി തട്ടിയെടുക്കാനുള്ള ശ്രമം ആണ് നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Content Highlights:UDF will return with more than 100 seats said VD Satheesan

dot image
To advertise here,contact us
dot image