'സഞ്ജുവിന്റെ വരവിൽ റുതുരാജ് അസ്വസ്ഥനാണ്'; തുറന്നുപറഞ്ഞ് മുന്‍ താരങ്ങള്‍

ഐപിഎല്ലില്‍ 19-ാം സീസൺ തുടങ്ങി തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ തികച്ചും നിരാശ മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ഫലം

'സഞ്ജുവിന്റെ വരവിൽ റുതുരാജ് അസ്വസ്ഥനാണ്'; തുറന്നുപറഞ്ഞ് മുന്‍ താരങ്ങള്‍
dot image

ഐപിഎല്ലില്‍ 19-ാം സീസൺ തുടങ്ങി തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ തികച്ചും നിരാശ മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ഫലം. ആദ്യ മത്സരത്തിലെ പരാജയത്തിന് പിന്നാലെ രണ്ടാം മത്സരത്തിലും തോറ്റതോടെ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ് മുൻ താരങ്ങളായ മൈക്കൽ വോണും സൈമൺ ഡൂളും. സിഎസ്കെയിലേക്ക് സഞ്ജു സാംസൺ എത്തിയതോടെ ടീം ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് അസ്വസ്ഥനാണെന്നാണ് ഇരുവരും പറഞ്ഞുവയ്ക്കുന്നത്. സ്വന്തം തട്ടകത്തിൽ പഞ്ചാബ് കിംഗ്‌സിനോടേറ്റ തോല്‍വിക്ക് പിന്നാലെ 'ക്രിക്ബസി'ൽ നടന്ന ചർച്ചഇക്കിടയിലാണ് ഇരുവരുടെയും ഈ വിവാദ പരാമർശം.

ഗെയ്ക്‌വാദിന് സഞ്ജുവിനെ ഭയമാണോ?, തന്‍റെ നായകസ്ഥാനത്തിന് സഞ്ജു ഒരു ഭീഷണിയാണെന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടോ? മൈക്കൽ വോണിന്റെതായിരുന്നു ആ ചോദ്യം. അതിന് 'തീർച്ചയായും' എന്നായിരുന്നു സൈമൺ ഡൂളിന്‍റെ മറുപടിയും. ഏറെക്കാലം സിഎസ്കെയെ നയിച്ച വിക്കറ്റ് കീപ്പർ-ക്യാപ്റ്റനായിരുന്നു എംഎസ് ധോണി. അദ്ദേഹത്തിന് പകരക്കാരനായി സഞ്ജുവിനെപ്പോലെ പരിചയസമ്പന്നനായ ഒരു നായകനെ കൊണ്ടുവന്നത് ഗെയ്ക്‌വാദിന് സമ്മർദ്ദമുണ്ടാക്കുമെന്ന് വോണും വ്യക്തമാക്കി. 'നീയാണ് നായകൻ, ഞങ്ങൾ നിന്നെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നതോടൊപ്പം തന്നെ സഞ്ജുവിനെപ്പോലൊരു മികച്ച ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ടീമിലെത്തിക്കുന്നത് ഗെയ്ക്‌വാദിനെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കും'; വോണ്‍ കൂട്ടിച്ചേർത്തു.

രാജസ്ഥാൻ റോയൽസിനെ 2022-ൽ ഐപിഎൽ ഫൈനലിൽ എത്തിച്ച നായകനായിരുന്നു സഞ്ജു സാംസൺ. എന്നാൽ സിഎസ്‌കെയിൽ എത്തിയ ശേഷമുള്ള ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാനായിട്ടില്ല. ആദ്യ മത്സരത്തിൽ 7 പന്തിൽ നിന്ന് 6 റൺസ് മാത്രം നേടാനായി സഞ്ജുവിന് രണ്ടാം മത്സരത്തിൽ അത് 7 റൺസ് ആകാൻ സാധിച്ചുള്ളൂ. ഇതോടെ സഞ്ജുവും വലിയ സമ്മർദ്ദത്തിൽ തന്നെയാണെന്ന് സൈമൺ ഡൂള്‍ പറഞ്ഞു. രവീന്ദ്ര ജഡേജ, സാം കറൻ എന്നി മികച്ച താരങ്ങളെ വിട്ടുനൽകികൊണ്ടായിരുന്നു സിഎസ്‌കെ സഞ്ജു സാംസണെ ടീമിലെത്തിച്ചത്. മലയാളി താരമെന്ന നിലയിൽ ദക്ഷിണേന്ത്യൻ ആരാധകർക്ക് മുന്നിൽ തന്റെ മികവ് തുറന്നുകാട്ടാനുള്ള ആഗ്രഹം സഞ്ജുവിനുണ്ടെന്നും ഡൂള്‍ പ്രതികരിച്ചു. ഇന്ത്യയ്ക്കായി ടി20 ലോകകപ്പിൽ കാഴ്ചവെച്ച അതെ മികച്ച പ്രകടനം സഞ്ജു സിഎസ്കെയ്ക്കയും ഉടൻ വീണ്ടെടുക്കേണ്ടത് അനിവാര്യമാണെന്ന് ഡൂള്‍ ഓർമ്മിപ്പിച്ചു.

Content highlight: CSK captain Ruturaj Gaikwad upset by Sanju Samson's presence

dot image
To advertise here,contact us
dot image