

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ ഇന്ന് തളിപ്പറമ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി. ഇന്നലെ തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ പങ്കെടുക്കുമെന്ന് അറിയിപ്പ് വന്നിരുന്നു. എന്നാല്‍ വിജില്‍ എത്തിയിരുന്നില്ല. ഇത് വലിയ ചര്‍ച്ചയായിരുന്നു.
ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ നിന്നും വിജില്‍ മോഹനന്‍ വിട്ടു നിന്നിരുന്നു. നേതാക്കള്‍ ഇടപെട്ട് തളിപ്പറമ്പില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ന് പ്രചാരണത്തിനെത്തിയത്. യൂത്ത് വോക്ക് എന്ന പരിപാടിയില്‍ വിജില്‍ പങ്കെടുക്കും. ടി കെ ഗോവിന്ദന് യുഡിഎഫ് പിന്തുണ നല്‍കുന്നത് വിജില്‍ ശക്തമായി എതിര്‍ത്തിരുന്നു.
വിമതനായി മത്സരിക്കാനുള്ള തീരുമാനം നേതൃത്വം ഇടപെട്ടതോടെയാണ് വിജില്‍ പിന്‍വലിച്ചത്.
സിപിഐഎം വിമതരെ പിന്തുണയ്ക്കാനുളള യുഡിഎഫിന്റെ തീരുമാനത്തിനെതിരെ മത്സരിക്കുമെന്നായിരുന്നു വിജില്‍ നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രായോഗിക നിലപാടുകള്‍ സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദേശം ഉള്‍ക്കൊണ്ട് മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
പിണറായി വിജയന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് തൂത്തെറിയുക എന്ന വലിയ ദൗത്യം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണെന്നും പൊതുസമൂഹത്തിന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കുമൊപ്പം തളിപ്പറമ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും വിജില്‍ മോഹനന്‍ പറഞ്ഞിരുന്നു.
Content Highlights: Vijil Mohanan will reach Taliparamba today for election campaigning