'ഗംഭീരമാണ് ഗംഭീറിന്റെ കളി വിശകലനം'; ഗൗതം ഗംഭീറിനെ വാഴ്ത്തി യുവരാജ് സിംഗ്

ഗംബീറിന്റെ തന്ത്രങ്ങളെയും ക്രിക്കറ്റ് അവബോധത്തെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സഹതാരം യുവരാജ് സിംഗ്

'ഗംഭീരമാണ് ഗംഭീറിന്റെ കളി വിശകലനം'; ഗൗതം ഗംഭീറിനെ വാഴ്ത്തി യുവരാജ് സിംഗ്
dot image

സമീപകാലത്തെ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനങ്ങൾ ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങളാണ് ഗൗതം ഗംഭീറിനെതിരെ ഉയരുന്നത്. എന്നാൽ, ഇപ്പോൾ ഗംബീറിന്റെ തന്ത്രങ്ങളെയും ക്രിക്കറ്റ് അവബോധത്തെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സഹതാരം യുവരാജ് സിംഗ്. ഗൗതം ഗംഭീറിനൊപ്പം തന്റെ 16 വയസ് മുതല്‍ കളിച്ചു വളര്‍ന്ന അനുഭവസമ്പത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു യുവരാജ് സംസാരിച്ചത്.

'അണ്ടര്‍-16 കാലം മുതല്‍ എനിക്ക് ഗംഭീറിനെ അറിയാം. മികച്ച രീതിയില്‍ കളി വിശകലനം ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് അദ്ദേഹം. രണ്ട് ലോകകപ്പുകള്‍ നേടുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചുണ്ട്. ഐപിഎല്ലില്‍ മെന്റര്‍ എന്ന നിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്കും നയിച്ചു. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളില്‍ വ്യക്തതയുള്ളതുകൊണ്ടാണ് ഇത്തരം വിജയങ്ങള്‍ ഉണ്ടാകുന്നത്.' യുവരാജ് വ്യക്തമാക്കി.

ഗൗതം ഗംഭീറിന്റെ കീഴിലായിരുന്നു ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ടി20 ലോകകപ്പും ഇന്ത്യ നേടിയത്. രണ്ട് ഫൈനലുകളിലും ന്യൂസിലന്‍ഡിനെ മുട്ടുകുത്തിച്ചായിരുന്നു ഇന്ത്യ കിരീടം ചൂടിയത്. ഗംഭീർ തന്റെ ശൈലിയില്‍ ഉറച്ചുനിന്നതാണ് ഈ വിജയങ്ങള്‍ക്ക് കാരണമായതെന്നും യുവരാജ് വിശ്വസിക്കുന്നു. 'ടി20 ലോകകപ്പിന്റെ തുടക്കത്തില്‍ ബാറ്റിംഗ് നിര പതറിയപ്പോഴും തന്റെ പ്രോസസ്സില്‍ മാറ്റം വരുത്താന്‍ ഗംഭീര്‍ തയ്യാറായിരുന്നില്ല. ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുക എന്ന ശൈലിയില്‍ അദ്ദേഹം ഉറച്ചുനിന്നു. അഭിഷേക് ശര്‍മയെയും സഞ്ജു സാംസണെയും പോലുള്ള താരങ്ങള്‍ ആ രീതിയില്‍ തന്നെയാണ് കളിക്കുന്നത്.' യുവരാജ് പറഞ്ഞു.

2026 ഐപിഎല്‍ സീസണ്‍ അവസാനിക്കുന്നതോടെ 2027 ഏകദിന ലോകകപ്പിനുള്ള കൃത്യമായ പദ്ധതി തയ്യാറാക്കുമെന്ന് ഗംഭീര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവില്‍ വിശ്രമത്തിലുള്ള അദ്ദേഹം സെലക്ടര്‍മാരുമായി ചേര്‍ന്ന് ടീമിന്റെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ പ്രായവും യുവതാരങ്ങളുടെ കടന്നുവരവും പരിഗണിക്കുമ്പോള്‍ ഗംഭീറിന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായും വരും.

Content highlight:Indian former player Yuvraj Singh lauds Gautam Gambhir

dot image
To advertise here,contact us
dot image