വയനാട് പുനരധിവാസത്തിനായി CPIM ഔദ്യോഗിക അക്കൗണ്ടിലൂടെ പണം പിരിച്ചെന്ന് കോണ്‍ഗ്രസ്; കണക്ക് പുറത്തുവിട്ട് CPIM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ തുകയുടെ കണക്ക് പുറത്തുവിട്ട് സിപിഐഎം

വയനാട് പുനരധിവാസത്തിനായി CPIM ഔദ്യോഗിക അക്കൗണ്ടിലൂടെ പണം പിരിച്ചെന്ന് കോണ്‍ഗ്രസ്; കണക്ക് പുറത്തുവിട്ട് CPIM
dot image

ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തിനായി സിപിഐഎം ഔദ്യോഗിക അക്കൗണ്ടിലൂടെ പണം പിരിച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയുമായി സിപിഐഎം. പുനരധിവാസത്തിനായി പിരിച്ച പണത്തിന്റെ കണക്ക് സിപിഐഎം പുറത്തുവിട്ടു. സിപിഐഎം കേന്ദ്ര കമ്മിറ്റിയാണ് കണക്ക് പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 92,99,000 രൂപ കൈമാറിയതായി സിപിഐഎം സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കിയ കണക്കില്‍ പറയുന്നു.

റിപ്പോര്‍ട്ടറിന്റെ 'ഡിബേറ്റ് വിത്ത് മാതു സജി'യില്‍ കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ ആയിരുന്നു ആരോപണം ഉന്നയിച്ചത്. വയനാട് പുനരധിവാസത്തിനായി സിപിഐഎം ഔദ്യോഗിക അക്കൗണ്ടിലൂടെ പണം പിരിച്ചെന്നായിരുന്നു രാജു പി നായരുടെ ആരോപണം. സിപിഐഎമ്മിന്റെ സൈറ്റില്‍ ഇക്കാര്യമുണ്ടെന്ന് രാജു പി നായര്‍ ചര്‍ച്ചയ്ക്കിടെ ചൂണ്ടിക്കാട്ടി. ആ അക്കൗണ്ടിലേക്ക് വന്ന പണം എവിടെയാണെന്നും രാജു പി നായര്‍ ചോദിച്ചു. ചര്‍ച്ചയില്‍ സിപിഐഎം പ്രതിനിധിയായി പങ്കെടുത്ത അഡ്വ. കെ എസ് അരുണ്‍ കുമാറിനോടായിരുന്നു രാജു പി നായര്‍ ചോദ്യം ഉയര്‍ത്തിയത്. 'ശവം തൂക്കികളെ എത്ര രൂപ മോഷ്ടിച്ചു' എന്നും രാജു പി നായര്‍ ആക്രോശിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് സിപിഐഎം അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കണക്ക് പുറത്തുവിട്ടത്. CMDRF ലേക്ക് പണം കൈമാറിയതിന്റെ റെസീപ്റ്റും സിപിഐഎം പുറത്തുവിട്ടു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഇക്കാര്യത്തില്‍ കണക്കുകള്‍ സുതാര്യമാണ്. സിപിഐഎം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാര്‍ടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. സ്വന്തം പരാജയം മൂടിവയ്ക്കാന്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ഇക്കൂട്ടര്‍. കണക്കുകളുടെ കാര്യത്തില്‍ സുതാര്യത പുലര്‍ത്തുന്ന സിപിഐഎമ്മിന്റെ മാതൃക അവര്‍ പിന്തുടരണമെന്നും എം എ ബേബി പറഞ്ഞു.

പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിലെ 07621000432853 എന്ന അക്കൗണ്ട് നമ്പറിലൂടെയാണ് പാര്‍ട്ടി ദുരിതാശ്വാസ നിധി സമാഹരിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ തുക സിഎംഡിആര്‍എഫിലേക്ക് കൈമാറിയത്. 2025 മാര്‍ച്ച് 21-ന് 92,00,000 രൂപയും 2025 മെയ് 26-ന് 99,000 രൂപയുമാണ് കൈമാറിയത്. ഇതിന് പുറമെ, പാര്‍ട്ടിയുടെ വിവിധ ബഹുജന സംഘടനകളും വലിയ തുകകള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. അഖിലേന്ത്യാ കിസാന്‍ സഭയും കേരള കര്‍ഷക സംഘവും സമാഹരിച്ച ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്. കണക്കുകള്‍ അവതരിപ്പിക്കുന്നതിലെ സുതാര്യതയ്ക്ക് സുപ്രീംകോടതിയുടെ പോലും പ്രശംസിച്ച പാര്‍ട്ടിയാണ് സിപിഐഎം എന്നും എം എ ബേബി പറഞ്ഞു.

Content Highlights- CPIM has published financial accounts of funds collected through its official account for Wayanad rehabilitation following allegations by Congress

dot image
To advertise here,contact us
dot image