

പാലക്കാട്: പാലക്കാട് സൗത്ത് മണ്ഡലത്തിലെ പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. വടക്കന്തറയില്‍വെച്ചാണ് സംഭവം. ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവര്‍ത്തകരാണ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞത്.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. വടക്കന്തറയില്‍ എത്തിയ പിഷാരടിയെ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. ഇതോടെ യുഡിഎഫ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോദിക്കരുതെന്ന് പറഞ്ഞാണ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞതെന്ന് യുഡിഎഫ് ക്യാമ്പ് ആരോപിച്ചു.
ബിജെപിയുടേത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് പിഷാരടി പറഞ്ഞു. തങ്ങളുടെ പ്രചാരണ വണ്ടി തിരിക്കുന്നതിനായി ഒരു സ്ഥലത്ത് നിര്‍ത്തിയപ്പോള്‍ അവിടെ കുറച്ച് അമ്മമാര്‍ നില്‍ക്കുന്നത് കണ്ടുവെന്നും അവരോട് സംസാരിക്കുന്നതിനായി താന്‍ പോയെന്നും പിഷാരടി പറഞ്ഞു. ഇതിനിടെ അതില്‍ ഒരു അമ്മ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. പ്രചാരണത്തിന് സമയക്കുറവുള്ളതുകൊണ്ട് വീട്ടില്‍ മറ്റൊരു ദിവസം വരാം എന്ന് താന്‍ മറുപടി പറഞ്ഞു. ഇതോടെ വീടിനടുത്ത് ഒരു ക്ഷേത്രമുണ്ടെന്നും അവിടെ വന്ന് തൊഴുതിട്ട് പൊയ്‌ക്കോളൂ എന്നും ആ അമ്മ പറഞ്ഞു. അങ്ങനെ താന്‍ അവര്‍ക്കൊപ്പം പോയി.
തങ്ങള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു സ്ത്രീ തന്റെ അടുത്തേയ്ക്ക് വരികയും ക്ഷുഭിതയാകുകയും ചെയ്തു. നിങ്ങളെ ഇതിലെ കടത്തിവിടില്ലെന്ന് പറഞ്ഞ് അവര്‍ ചൂടായതായി രമേഷ് പിഷാരടി പറഞ്ഞു. ഇതിനിടെ തന്റെ കൂടെയുള്ളവരും വിഷയത്തില്‍ ഇടപെട്ടു. ഇതിന് ശേഷവും സംഘര്‍ഷം തുടര്‍ന്നുവെന്നും പിഷാരടി വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസിന്റെയും രമേഷ് പിഷാരടിയുടെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലും നടപടികളിലും പ്രതിഷേധിച്ചാണ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
Content Highlights- During an election campaign tour in Palakkad South constituency, Ramesh Pisharody was reportedly stopped by BJP workers