

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയെ തള്ളി കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു. യു പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ പരാമർശങ്ങൾ ഒട്ടും ശരിയായി തോന്നിയില്ലയെന്നും തെറ്റായ പരാമർശമാണെന്നും ലിജു പറഞ്ഞു. ഇത്തരം മോശം പ്രസ്താവന അംഗീകരിക്കില്ലയെന്നും യുഡിഎഫ് നേതൃത്വത്തിനായി താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം ലിജു പറഞ്ഞു.
ഒരു തരത്തിലും ബോഡിഷേമിങും വ്യക്തി അധിഷ്ഠിത പരാമർശങ്ങളും ആക്ഷേപങ്ങളും യുഡിഎഫും താനും അംഗീകരിക്കില്ലയെന്നും എം ലിജു പറഞ്ഞു. വ്യക്തിപരമായ വിമർശനങ്ങളും ആക്ഷേപങ്ങളും നടത്തേണ്ട ഒന്നല്ല തെരഞ്ഞെടുപ്പ് വേദികളും പ്രസംഗങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യു പ്രതിഭയ്‌ക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാവ് എ ഇർഷാദ് രംഗത്തെത്തിയിരുന്നു. അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലയെന്നും തൻ്റെ പ്രസംഗം പൂർണമായി കേൾക്കുന്ന ഒരാളും അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് പറയില്ലെന്നും ഇർഷാദ് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് കാലത്തെ ചെയ്തികളെ കുറിച്ച് സംസാരിച്ചു. അതിൻ്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് ഒരു വാർത്തയാക്കി പ്രചരിപ്പിച്ചതാണെന്നും എ ഇർഷാദ് റിപ്പോർട്ടറിനോട് പറഞ്ഞു.
ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നാണ് എ ഇര്‍ഷാദിന്റെ വിവാദ പ്രസ്താവന. വാക് ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് ഇര്‍ഷാദ് പറഞ്ഞത്. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ ആയിരുന്നു പരാമര്‍ശം. 'രാഷ്ട്രീയ അധികാരം ഉപയോഗിച്ചുകൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവരുടെ മകന്‍ അകപ്പെട്ട കഞ്ചാവ് കേസില്‍ അവര്‍ എടുത്ത നിലപാട്. ആ നിലപാടിനെ ന്യായീകരിക്കുന്ന അമ്മയാണ് അവര്‍. ഒരു എംഎല്‍എയ്ക്ക് അഞ്ച് കോടി രൂപയാണ് ഒരു വര്‍ഷമുളള വിഹിതം.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടിംഗ് വേറെ. കുറഞ്ഞത് ഒരുകോടി രൂപ അവര്‍ക്ക് ഒരു മണ്ഡലത്തില്‍ വിനിയോഗിക്കാന്‍ പറ്റും. ആ പണം ഉപയോഗിച്ചുകൊണ്ട് കായംകുളത്തിന്റെ നിലനില്‍പ്പിനായി ശ്രദ്ധേയമായ എന്താണ് കൊണ്ടുവന്നത് ? 20 വര്‍ഷം മുന്‍പ് ഡിവൈഎഫ്‌ഐക്കാരന്‍ തച്ചടിയില്‍ പ്രഭാകരന്റെ വീട്ടിലേക്ക് കായംകുളം താലൂക്ക് ആക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് 20 വര്‍ഷക്കാലം സിപിഐഎം എംഎല്‍എമാര്‍ ഇവിടം ഭരിച്ചു. അതില്‍ 15 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന പരമമായ യാഥാര്‍ത്ഥ്യം നില്‍ക്കുമ്പോഴാണ് വീണ്ടും അവരുടെ വാക് ചാതുരിയും ശരീര അഴകും വില്‍പ്പനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്' എന്നാണ് എ ഇര്‍ഷാദ് പറഞ്ഞത്.
Content Highlight : M Liju says the UDF leader's remarks against U Pratibha were not right at all. He said that he will not accept the bad statement and expressed his regret on behalf of the UDF leadership.