ചേലക്കരയില്‍ ശിവന്‍ വീട്ടിക്കുന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

ചേലക്കര മണ്ഡലത്തിലേക്ക് 2025ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നിലവിലെ എംഎല്‍എ യുആര്‍ പ്രദീപ് 12,201 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ചേലക്കരയില്‍ ശിവന്‍ വീട്ടിക്കുന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്
dot image

ചേലക്കരയില്‍ ശിവന്‍ വീട്ടിക്കുന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ ചേലക്കര നിയോജക മണ്ഡലത്തില്‍ ശിവന്‍ വീട്ടിക്കുന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. പുനലൂര്‍ മണ്ഡലത്തില്‍ നൗഷാദ് യൂനുസ് ആണ് സ്ഥാനാര്‍ത്ഥി. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഈ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

ചേലക്കര മണ്ഡലത്തിലെ കൊണ്ടാഴി വീട്ടിക്കുന്ന് സ്വദേശിയാണ് ശിവന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പ്രവേശനം. യൂത്ത് കോണ്‍ഗ്രസ് കൊണ്ടാഴി മണ്ഡലം ജനറല്‍ സെക്രട്ടറി, ചേലക്കര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, കൊണ്ടാഴി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്തംഗം, കേരള ദളിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷക തൊഴിലാളിയായ വീട്ടിക്കുന്ന് വേലന്റെയും പരേതയായ ലക്ഷ്മിയുടെയും മകനാണ്.

ചേലക്കര മണ്ഡലം ആദ്യമായാണ് മുസ്‌ലിം ലീഗിന് ലഭിച്ചത്. ചേലക്കര മണ്ഡലത്തിലേക്ക് 2025ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നിലവിലെ എംഎല്‍എ യുആര്‍ പ്രദീപ് 12,201 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ് ആയിരുന്നു എതിരാളി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫും മൂന്നെണ്ണത്തില്‍ യുഡിഎഫും ഒരെണ്ണത്തില്‍ എന്‍ഡിഎയുമാണ് അധികാരത്തിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 9040 വോട്ടുകളുടെ മേല്‍ക്കൈയ്യാണ് എല്‍ഡിഎഫിനുള്ളത്.

കൊല്ലത്തെ മുസ്‌ലിം ലീഗിന്റെ പ്രധാനമുഖവും എംഎല്‍എയുമായിരുന്ന യൂനുസ് കുഞ്ഞിന്റെ മകനാണ് നൗഷാദ് യൂനുസ്. വിദ്യാഭ്യാസ, വ്യാപാര രംഗങ്ങളില്‍ സജീവമായ നൗഷാദ് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

2021ല്‍ സിപിഐയുടെ പി എസ് സുപാല്‍ ആണ് മണ്ഡലത്തില്‍ വിജയിച്ചത്. 37,057 വോട്ടായിരുന്നു ഭൂരിപക്ഷം. ലീഗിന്റെ അബ്ദുറഹിമാന്‍ രണ്ടത്താണിയായിരുന്നു എതിരാളി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ ആറെണ്ണത്തിലും എല്‍ഡിഎഫിനാണ് ഭരണം. രണ്ടെണ്ണത്തിലാണ് യുഡിഎഫ് ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 8370 വോട്ടുകളുടെ മേല്‍ക്കൈയ്യാണ് എല്‍ഡിഎഫിനുള്ളത്.

Content Highlights: Sivan Veettikkunnu has been announced as the UDF candidate in Chelakkara

dot image
To advertise here,contact us
dot image