

കൊച്ചി: ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ നിറഞ്ഞ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. അജയ് തറയിലിന്റെ പ്രസ്താവനകള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
സംഘപരിവാറിന്റെ അതേ വാദങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാവ് ഉയര്‍ത്തുന്നതെന്നും വംശീയവെറുപ്പിനെയാണ് അജയ് തറയില്‍ ഏറ്റുവിളിക്കുന്നതെന്നും സമൂഹത്തിന്റെ വിവിധ സാമൂഹ്യമണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. എഴുത്തുകാരന്‍ കെ കെ ബാബുരാജ് അടക്കമുള്ളവര്‍ അജയ് തറയിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
സണ്ണി എം കപിക്കാട് പണം നേടിയെടുക്കാനാണ് വൈക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇറങ്ങിതിരിച്ചതെന്നായിരുന്നു അജയ് തറയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സണ്ണി എം കപിക്കാട് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചയാളാണെന്നും സംവരണ സീറ്റില്‍ എങ്ങനെ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുമെന്നും അജയ് തറയില്‍ ചോദിച്ചിരുന്നു. ജോലി കിട്ടുന്നതിനായി സണ്ണി എം കപിക്കാട് ഹിന്ദു മതത്തില്‍ ചേര്‍ന്നെന്നും മറ്റൊരു ഘട്ടത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെ കോടാലിക്കൈയായി മാറിയെന്നുമെല്ലാമുള്ള വിദ്വേഷം നിറഞ്ഞ അധിക്ഷേപങ്ങളായിരുന്നു അജയ് തറയില്‍ നടത്തിയത്.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍ക്കൊള്ളുമെന്ന കോണ്‍ഗ്രസിന്റെ ഇന്‍ക്ലൂസീവ് പൊളിറ്റിക്‌സിന്റെ ഭാഗമായാണ് സണ്ണി എം കപിക്കാട്, സി കെ ജാനു എന്നിവരെ സ്ഥാനാര്‍ത്ഥിയാകാന്‍ യുഡിഎഫ് നീക്കങ്ങള്‍ നടത്തിയത് എന്നായിരുന്നു ആദ്യ ഘട്ടങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് സമീപിച്ചതായി ഇരുവരും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഇരുവരും പട്ടികയില്‍ ഉള്‍പ്പെട്ടില്ല. വൈക്കത്ത് കെ ബിനിമോനെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. സമാന രീതിയില്‍ സി കെ ജാനുവിനും സീറ്റ് നല്‍കിയില്ല. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
കോണ്‍ഗ്രസ് രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ലെന്നാണ് സണ്ണി എം കപിക്കാട് പ്രതികരിച്ചത്. സീറ്റ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വാക്കുനല്‍കിയിരുന്നെന്നും വാക്ക് പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഡിഎഫ് ഇങ്ങോട്ടുവന്ന് സീറ്റ് ഓഫര്‍ ചെയ്തതാണെന്നും രാഷ്ട്രീയ സാഹചര്യം അനുസരിച്ച് തീരുമാനങ്ങള്‍ മാറ്റാനുളള അവകാശം അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ പറ്റിച്ചു എന്ന വാക്കില്ലെന്നും അവര്‍ക്ക് വാക്കുപാലിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് സണ്ണി എം കപിക്കാട് അഭിപ്രായപ്പെട്ടത്.
എന്നാല്‍, സീറ്റ് വാഗ്ദാനം ചെയ്തിരുന്നില്ലെന്ന പ്രതികരണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭാഗത്ത് നിന്നുമുണ്ടായത്. 'സണ്ണി എം കപിക്കാട് സീറ്റ് ആവശ്യപ്പെട്ടിരുന്നു, പാര്‍ട്ടി നേതൃത്വത്തിന് മുമ്പില്‍ വെക്കാമെന്നാണ് ഞാന്‍ പറഞ്ഞത്' എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
Content Highlights : Congress Leader Ajay Tharayil removes Facebook post ridiculing Sunny M Kapikad. His post came up after Congress was widely criticised for denying seats to Sunny M Kapikad in Kerala Legislative Assembly Election 2026