

ആലപ്പുഴ: മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലേറാനുള്ള സാധ്യതയില്ലെന്ന് ജി സുധാകരൻ. അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ വാർത്താസമ്മേളനത്തിൽ ഒരിക്കൽ കൂടി വ്യക്തമാക്കി. അമ്പലപ്പുഴയിലെ നൂറിലധികം കേന്ദ്രങ്ങളിൽ പ്രസംഗിക്കുമെന്നും പോസ്റ്ററുകളും ബാനറുകളും അധികമില്ലാതെ ഉണ്ടാകുമെന്നും ജി സുധാകരൻ പറഞ്ഞു. നോമിനേഷൻ കൊടുക്കുന്ന തീയതി തീരുമാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി സ്വീകരണം നൽകി. യുഡിഎഫ് സീറ്റ് ഒഴിച്ചിട്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും ജി സുധാകരൻ പറഞ്ഞു. താൻ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി പ്രചരണം ആരംഭിക്കും. തന്നെ സഹായിക്കാൻ ഏത് മുന്നണികൾക്കും മുന്നോട്ട് വരാം. സിപിഐഎമ്മിൽ നിന്ന് സ്വയം ഒഴിഞ്ഞതാണെന്നും ആരും പുറത്താക്കിയതല്ലെന്നും ജി സുധാകരൻ പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലിസത്തിനെതിരെയാണ് ആണ് തന്റെ ക്യാമ്പയിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി പി പ്രസാദിനെതിരെ രൂക്ഷമായ വിമർശനവും സുധാകരൻ ഉന്നയിച്ചു. അമ്പലപ്പുഴയിലല്ലാതെ മറ്റെവിടെയും പ്രചാരണത്തിന് ഇറങ്ങില്ലെങ്കിലും പി പ്രസാദിനെതിരെ ചേർത്തലയിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയിൽ ഒരാൾ മാത്രമാണ് തനിക്കെതിരെ പ്രസ്താവന നടത്തിയത്. പി പ്രസാദ് എന്തിനാണ് തന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ വരുന്നത്. കഴിഞ്ഞ തവണ അയാൾക്ക് കിട്ടിയത് ആറായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണെന്നും ജി സുധാകരൻ പറഞ്ഞു.
തന്റേത് പാർലമെന്ററി വ്യാമോഹമാണെന്ന് പറയുന്നവർക്ക് നാണവും മാനവും ഉണ്ടോ എന്ന് സുധാകരൻ ചോദിച്ചു. ആറാമതും നിയമസഭയിൽ മത്സരിക്കുന്ന എ എം ആരിഫിനും പാർലമെന്ററി മോഹമില്ലേ. സജി ചെറിയാൻ മൂന്നാം തവണ, യു പ്രതിഭ മൂന്നാമത്തെ തവണ, വി എൻ വാസവനും മൂന്നാം തവണ, തനിക്ക് പാർലമെന്ററി വ്യാമോഹം എന്ന് പറയുന്നവർ കണ്ണടച്ച് ഇരിക്കുകയാണോ എന്നും ജി സുധാകരൻ ചോദിച്ചു.
പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞതിനെ കുറിച്ചും അദ്ദേഹം വിശദീകരണം നൽകി. പിണറായി വിജയൻ മുഖ്യമന്ത്രി ആകുന്നതിൽ സന്തോഷമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞു. താൻ എന്തിന് പിണറായി വിജയനെ ചീത്ത പറയണം. എന്നാൽ മൂന്നാം ഊഴം കിട്ടുന്ന കാര്യത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ വോട്ട് ചെയ്യാൻ സാധ്യതയില്ലെന്ന് കൂടി പറഞ്ഞിരുന്നു എന്നും ജി സുധാകരൻ ചൂണ്ടിക്കാണിച്ചു.
Content Highlights: G Sudhakaran about his plans for election campaign in Ambalapuzha