

കോഴിക്കോട്: പാലക്കാട് മണ്ഡലത്തിൽ ജയിച്ചാൽ അവിടെ നടൻ മമ്മൂട്ടിയെ കൊണ്ടുവരുമെന്ന യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിയുടെ പ്രസ്താവനയെ പരിഹസിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. ജയിച്ചാൽ കുഞ്ചാക്കോ ബോബനെ കൊണ്ടു വരാം ജയറാമിനെ കൊണ്ടു വരാം എന്നൊക്കെ പറയുന്നത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കേട്ടിട്ടുണ്ട്. അന്നൊന്നും മമ്മൂട്ടിയും മോഹൻലാലുമൊന്നും വാഗ്ദാനങ്ങളിൽ ഒതുങ്ങുന്നതായി കേട്ടിട്ടില്ല. പക്ഷേ പാലക്കാട്ട് പിഷാരടി മമ്മൂട്ടിയെ കൊണ്ടുവരാമെന്ന വലിയ വാഗ്ദാനം നൽകിയിട്ടുണ്ട്. പിഷാരടിയുടെ രണ്ടാമത്തെ ഉറപ്പ് പറയാൻ തനിക്ക് ലജ്ജയുണ്ടെന്നും എസ് ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കേട്ടിട്ടുണ്ട് ജയിച്ചാൽ കുഞ്ചാക്കോ ബോബനെ കൊണ്ടു വരാം, ജയറാമിനെ കൊണ്ടു വരാം എന്നൊക്കെ. മമ്മൂട്ടിയും മോഹൻലാലുമൊന്നും വാഗ്ദാനങ്ങളിൽ ഒതുങ്ങുന്നതായി കേട്ടിട്ടില്ല അന്നൊന്നും. പക്ഷേ പാലക്കാട്ട് പിഷാരടി മമ്മൂട്ടിയെ കൊണ്ടുവരാമെന്ന വലിയ വാഗ്ദാനം നൽകിയിട്ടുണ്ട്. പിഷാരടിയുടെ രണ്ടാമത്തെ ഉറപ്പ് പറയാൻ എനിക്ക് ലജ്ജയുണ്ട്.
എന്തായാലും പഞ്ചായത്തിൽ കുരുവി ജയിച്ചാൽ പൊന്നോണം നാടാകെ..
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്തിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടിയെ വിളിച്ച് അനുഗ്രഹം വാങ്ങിയെന്നും എല്ലാകാര്യങ്ങളിലും തനിക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാറുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു. ചലച്ചിത്ര മേഖലയിൽനിന്ന് നിർബന്ധിച്ച് ആരെയും പ്രചാരണത്തിന് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും വിജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരാൻ സാധിക്കുമെന്ന് താൻ ഉറപ്പായും വിശ്വസിക്കുന്നുവെന്നുമാണ് രമേഷ് പിഷാരടി പറഞ്ഞിരുന്നത്. അതേസമയം നിലവിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത നല്ല കാര്യങ്ങളെല്ലാം ഏറ്റെടുക്കുമെന്നും പിഷാരടി പറഞ്ഞിരുന്നു.
Content Highlights: Writer S Saradakutty mocked UDF candidate Ramesh Pisharody's statement that if he wins the Palakkad constituency, he will bring actor Mammootty there