

കൊച്ചി: സിപിഐഎമ്മിനെതിരെ വിമർശനം തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍. പാർട്ടിയുടെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത പ്രവണതയുണ്ടാകുന്നുവെന്നും ഇതുവരെ തനിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഇക്കാലമത്രയും പാർട്ടിയുടെ അച്ചടക്കവും സംഘടനാ രീതിയും പാലിച്ചയാളാണ് താൻ എന്നും ഇന്നുവരെ ഇങ്ങനെയൊരു വാർത്താസമ്മേളനം നടത്തേണ്ടിവന്നിട്ടില്ല എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. 'കോഫീ വിത്ത് അരുണി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി തന്നെ വേണ്ടവിധം പരിഗണിച്ചില്ല എന്ന് ടി കെ ഗോവിന്ദൻ തുറന്നടിച്ചു. ഒരുപാട് വർഷമായി താൻ പാർട്ടിയിലുണ്ട്. ഇക്കാലമത്രയും പാർട്ടിയുടെ അച്ചടക്കവും സംഘടനാ രീതിയും പാലിച്ചാണ് താൻ പ്രവർത്തിച്ചത്. ആദ്യമായാണ് തനിക്ക് ഇത്തരത്തിൽ ഒരു പത്രസമ്മേളനം നടത്തേണ്ടിവന്നത് എന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഇന്നുവരെ താൻ ഒരു പദവിയും ചോദിച്ചിട്ടില്ല. ചെറുപ്പകാലത്ത് പോലും ആഗ്രഹിച്ചിട്ടില്ല. പാർട്ടിയിലെ പല മുതിർന്ന നേതാക്കൾക്കും വേണ്ടി പ്രവർത്തിച്ചയാളാണ് താൻ. ഒരിക്കലും തന്നെ പരിഗണിച്ചിരുന്നില്ല എന്നതുകൊണ്ട് ഈ തെരഞ്ഞെടുപ്പിലും താൻ സീറ്റ് പ്രതീക്ഷിച്ചിരുന്നില്ല. സ്ഥാനങ്ങൾ തന്നു എന്ന് പാർട്ടി പറയുമ്പോൾ അത് എങ്ങനെയാണെന്നത് ആലോചിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു.
പാർട്ടി ഒരു മര്യാദയും കാണിച്ചില്ല എന്നും ഗോവിന്ദൻ പറയുന്നുണ്ട്. തന്നെ പാർട്ടിയിയിൽ നിന്ന് പുറത്താക്കി എന്നാണ് വിവരം. പുറത്താക്കപ്പെടുന്നവരോട് വിശദീകരണം ചോദിക്കുന്ന ശീലം പാർട്ടിക്കുണ്ട്. തന്നോട് അത് ചെയ്തില്ല എന്നും ഗോവിന്ദൻ പറഞ്ഞു. തന്റെ കീഴിൽ പ്രവർത്തിച്ചവർ എംഎൽഎമാരും മന്ത്രിമാരുമായി എന്നും താൻ മാത്രം ഒന്നിനും ആഗ്രഹിച്ചിരുന്നില്ല എന്നും ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കണ്ടുവരുന്നതെന്നും എം വി ഗോവിന്ദനോട് ഭാര്യ മത്സരിക്കുന്നതിൽ താൻ എതിർപ്പറിയിച്ചിരുന്നുവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് മുതിർന്ന സിപിഐഎം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ ഗോവിന്ദന്‍ പാർട്ടിക്കെതിരെ രംഗത്തുവന്നത്. തളിപ്പറമ്പില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പങ്കാളികൂടിയായ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ അതൃപ്തിയാണ് ടി കെ ഗോവിന്ദന്‍റെ പരസ്യമായ വിമര്‍ശനത്തിലേക്ക് നയിച്ചത്.പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്‌തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം, അല്ലെങ്കില്‍ പുറത്തുപോകണം എന്ന അവസ്ഥയായെന്നും ഈ അനീതിയെ ചെറുത്തില്ലെങ്കില്‍ തളിപ്പറമ്പിലെ പാര്‍ട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്.
അതേസമയം, സ്വതന്ത്രനായി മത്സരിക്കുന്ന ടി കെ ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കും. ഇതുസംബന്ധിച്ച് ടി കെ ഗോവിന്ദനുമായി യുഡിഎഫ് നേതൃത്വം ധാരണയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരാണ് ചര്‍ച്ചകള്‍ നടത്തിയത്. തളിപ്പറമ്പിലെ യുഡിഎഫ് നിലപാട് ഇന്ന് പ്രഖ്യാപിക്കും.
Content Highlights: T. K. Govindan, a Kannur district secretariat member of Communist Party of India (Marxist), has intensified his criticism against the party leadership. He stated that unprecedented trends are emerging within the party and expressed dissatisfaction over not receiving the recognition he believes he deserves