കേരള നേതാക്കളുടെ ആവശ്യം, സുധാകരനെ വിളിച്ച് ഖർഗെ; മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് സുധാകരൻ

സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ പ്രചാരണരംഗത്ത് നിന്നും മാറിനിൽക്കാനും സുധാകരൻ ആലോചിക്കുന്നുണ്ട്

കേരള നേതാക്കളുടെ ആവശ്യം, സുധാകരനെ വിളിച്ച് ഖർഗെ; മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് സുധാകരൻ
dot image

ന്യൂ ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കളുടെ ശ്രമം തുടരുന്നു. ഇടഞ്ഞുനിൽക്കുന്ന കെ സുധാകരനുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഫോണിൽ സംസാരിച്ചു. കേരളത്തിലെ നേതാക്കൾ വസതിയിൽ എത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് ഖർഗെ സുധാകരനോട് സംസാരിച്ചത്.

എംപിമാർക്ക് സീറ്റില്ല എന്നതാണ് ഹൈക്കമാൻഡ് തീരുമാനമെങ്കിലും മത്സരിക്കും എന്ന കാര്യത്തിൽ സുധാകരൻ ഉറച്ചുനിൽക്കുക തന്നെയാണ്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണം എന്നതാണ് തന്റെ നിലപാട് എന്ന് ഇന്നും സുധാകരൻ ദേശീയ നേതൃത്വത്തെ അറിയിക്കും. സ്ഥാനാർത്ഥിത്വ ആവശ്യത്തിൽ നിന്ന് പിന്മാറാൻ, സുധാകരൻ നിർദേശിക്കുന്ന ആളെ സ്ഥാനാർത്ഥിയാക്കാം എന്ന ഫോർമുല ദേശീയ നേതൃത്വം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ സുധാകരൻ മറ്റാരെയും നിർദ്ദേശിക്കില്ല. സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ പ്രചാരണരംഗത്ത് നിന്നും മാറിനിൽക്കാനും സുധാകരൻ ആലോചിക്കുന്നുണ്ട്.

സീറ്റ് ചര്‍ച്ചകള്‍ക്കായി സുധാകരന്‍ ഡല്‍ഹിയിലെത്തിക്കഴിഞ്ഞു. ഹൈക്കമാന്‍ഡിന്റെ അനുനയത്തിന് സുധാകരന്‍ വഴങ്ങുമോയെന്നത് വൈകാതെ അറിയാം. സുധാകരന്‍ കലാപക്കൊടി ഉയര്‍ത്തിയാല്‍ കേരത്തിലാകെ പ്രത്യേകിച്ചും മലബാറില്‍ അത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരിലും ഇത് പ്രതിഫലിക്കും. കെ കെ ശൈലജയെ സിപിഐഎം കളത്തിലിറക്കിയതോടെ കനത്ത തെരഞ്ഞെടുപ്പ് പോരിലേക്കാണ് പേരാവൂര്‍ നീങ്ങുന്നത്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.ഇതോടെ കെ സുധാകരന്‍ ഉള്‍പ്പെടെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച എംപിമാര്‍ക്ക് സീറ്റ് ലഭിക്കില്ല എന്നുറപ്പായി. സുധാകരന് പുറമെ എം കെ രാഘവന്‍, അടൂര്‍ പ്രകാശ് എന്നിവരും മത്സരസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചത്.

Content Highlights: Senior Congress leader K. Sudhakaran remains firm on contesting in the upcoming Kerala Assembly elections despite resistance within the party. Efforts by Congress leaders to persuade him are ongoing. In a significant development, Congress national president Mallikarjun Kharge personally spoke to Sudhakaran over the phone.

dot image
To advertise here,contact us
dot image