Rss നേതാക്കളെ വലിയ ചുടുകാട്ടിൽ കയറ്റി, രക്തസാക്ഷികളുടെ നെഞ്ചത്ത് ചവിട്ടാൻ ജി സുധാകരൻ അനുമതി നൽകി: ശ്യാംജി

ജി സുധാകരനെ പിന്തുണക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനിച്ചു

Rss നേതാക്കളെ വലിയ ചുടുകാട്ടിൽ കയറ്റി, രക്തസാക്ഷികളുടെ നെഞ്ചത്ത് ചവിട്ടാൻ ജി സുധാകരൻ അനുമതി നൽകി: ശ്യാംജി
dot image

ആലപ്പുഴ : പാർട്ടി വിട്ട ജി സുധാകരനെതിരെ ആഞ്ഞടിച്ച് സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി. ആർഎസ്എസ് നേതാക്കളെ വലിയ ചുടുകാട്ടിൽ കയറ്റിയത് ജി സുധാകരൻ ആണെന്നും രക്തസാക്ഷികളുടെ നെഞ്ചത്ത് ചവിട്ടാൻ ജി സുധാകരൻ അനുമതി നൽകിയെന്നും ശ്യാംജി പറഞ്ഞു. രക്തസാക്ഷി മണ്ഡപത്തിൽ സന്ദീപ് വചസ്പതിക്ക് എങ്ങനെ കയറാൻ ധൈര്യം വന്നുവെന്നും എച്ച് സലാമിനെതിരെ എസ്ഡിപിഐ പോസ്റ്റർ ഒട്ടിച്ചതിന് പിന്നിലും ജി സുധാകരൻ ആണെന്നും അദ്ദേഹം ആരോപിച്ചു. ജി സുധാകരനെതിരെ ആലപ്പുഴ പുന്നപ്രയിലെ വി എസ് അച്യുതാനന്ദന്റെ വസതിയില്‍ നിന്ന് ആയിരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ബഹുജന റാലിയിലാണ് ശ്യാംജിയുടെ ഇൌ വാക്കുകള്‍.

ഒരു പുരുഷായുസ്സിൽ ഒരുപാട് തവണ ജനപ്രതിനിധിയായ ആളാണ് ജി സുധാകരനെന്നും പാർട്ടി നേതാവ് എന്നതിൽ ഉപരി അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്നും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറും പറഞ്ഞു. ഭൂവനേശ്വരന്റെ രക്തസാക്ഷിത്വത്തെ പോലും ജി സുധാകരൻ തള്ളിപ്പറഞ്ഞുവെന്നും നാസര്‍ വ്യക്തമാക്കി. മെമ്പർഷിപ്പ് പുതുക്കിയിരുന്നെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടി വന്നേനെയെന്നും എന്നാൽ ഇതറിഞ്ഞ് മനപ്പൂർവം ജി സുധാകരൻ മെമ്പർഷിപ്പ് പുതുക്കാതിരിക്കുകയായിരുന്നുവെന്നും ആര്‍ നാസര്‍ പറഞ്ഞു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ നാസര്‍.

ഇന്നലെ ജി സുധാകരൻ ഒരു പേരു കൂടി തനിക്ക് നൽകിയെന്നും അത് പൊളിറ്റിക്കൽ ക്രിമിനൽ ആണെന്നാണെന്നും എച്ച് സലാം എംഎല്‍എ പ്രതികരിച്ചു. വി എസ് അച്യുതാനന്ദനെ ഡ്രാക്കുള എന്ന് വിളിച്ച ആളാണ് ജി സുധാകരൻ. തന്നെ പൊളിറ്റിക്കൽ ക്രിമിനൽ എന്ന് വിളിച്ചതിൽ അത്ഭുതം ഇല്ലയെന്നും അദ്ദേഹം പറഞ്ഞു.

ജി സുധാകരനെ പിന്തുണക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. പാര്‍ട്ടി അംഗത്വം ഉള്ളവരാണെങ്കില്‍ അവരെ പുറത്താക്കും. ജി സുധാകരനെതിരെ താഴെ തട്ടില്‍ വരെ പ്രതിരോധം തീര്‍ക്കാനാണ് പാർട്ടി തീരുമാനം. രഹസ്യ യോഗങ്ങള്‍ ചേര്‍ന്നാലും കര്‍ശന നടപടി സ്വീകരിക്കും.

സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരൻ അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ തന്നെ വ്യക്തമാക്കി. 'കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല,' സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം യുഡിഎഫ് പിന്തുണയോടെ താൻ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlight : CPI(M) Ambalapuzha Area Secretary Shyam strongly criticised G Sudhakaran after he left the party, accusing the former leader of betraying the party and its ideology.

dot image
To advertise here,contact us
dot image