'താൻ കമ്മ്യൂണിസ്റ്റ് അല്ലായിരുന്നെങ്കിൽ സുധാകരൻ ഇലക്ഷൻ സെക്രട്ടറിയാക്കുമായിരുന്നോ'; പ്രതികരിച്ച് എച്ച് സലാം

എല്ലാത്തിനോടും മറുപടി പറഞ്ഞു പോകാനില്ലെന്ന് എച്ച് സലാം

'താൻ കമ്മ്യൂണിസ്റ്റ് അല്ലായിരുന്നെങ്കിൽ സുധാകരൻ ഇലക്ഷൻ സെക്രട്ടറിയാക്കുമായിരുന്നോ'; പ്രതികരിച്ച് എച്ച് സലാം
dot image

ആലപ്പുഴ: തനിക്കെതിരായ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എച്ച് സലാം എംഎല്‍എ. എല്ലാത്തിനോടും മറുപടി പറഞ്ഞു പോകാനില്ലെന്ന് എച്ച് സലാം പറഞ്ഞു. വ്യക്തിപരമായ ശത്രുത ഇല്ലെന്നും താന്‍ കമ്മ്യൂണിസ്റ്റ് അല്ലായിരുന്നെങ്കില്‍ ജി സുധാകരന്‍ ഇലക്ഷന്‍ സെക്രട്ടറി ആക്കുമായിരുന്നോ എന്നും എച്ച് സലാം ചോദിച്ചു.

'രണ്ട് തവണത്തെ ഇലക്ഷന്‍ ചുമതല ഞാനാണ് നിര്‍വഹിച്ചത്. അന്ന് എച്ച് സലാം ഉത്തമനായ കമ്മ്യൂണിസ്റ്റ് ആയിരുന്നോ. രാഷ്ട്രീയ വോട്ടാണ് പ്രധാനം. ആ വോട്ട് ചോരേണ്ട സാഹചര്യം നിലവില്‍ അമ്പലപ്പുഴയില്‍ ഇല്ല. തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസനമാണ് ചര്‍ച്ച', എച്ച് സലാം പറഞ്ഞു.

എച്ച് സലാം പൊളിറ്റിക്കല്‍ ക്രിമിനല്‍ ആണെന്ന് ജി സുധാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. പൊളിറ്റിക്കല്‍ ക്രിമിനലാണെന്ന് സലാം തന്നെ സമ്മതിച്ചിരിക്കുന്നു. തനിക്കെതിരെയുള്ള തെളിവുകള്‍ എച്ച് സലാം പുറത്തുവിടണമെന്നും സഖാക്കളുടെ പിന്നാലെ കൂടി തെളിവ് ശേഖരിക്കലാണോ സലാമിന്റെ പണിയെന്നും ജി സുധാകരന്‍ ചോദിച്ചു.

തനിക്കെതിരെ എച്ച് സലാമിന്റെ കയ്യിലുണ്ടെന്ന് പറഞ്ഞ തെളിവുകളെല്ലാം അദ്ദേഹം പുറത്തുവിടട്ടെ. മറ്റുള്ള സഖാക്കളുടെ കാര്യങ്ങള്‍ രഹസ്യമായി പിന്നാലെ നടന്ന് ശേഖരിക്കലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവിന്റെ ജോലിയെന്ന് അദ്ദേഹം സ്വയം സമ്മതിച്ചു. അതല്ല പാര്‍ട്ടി നേതാക്കന്മാരുടെ ജോലി. മറ്റുള്ളവരുടെ രഹസ്യവിവരങ്ങള്‍ അന്വേഷിച്ച് നടക്കുന്നത് ഒരു ക്രിമിനല്‍ സ്വഭാവമാണ്, അതിനെയാണ് പൊളിറ്റിക്കല്‍ ക്രിമിനലിസമെന്ന് പറയുന്നത്. ഞങ്ങളാരും അത് ചെയ്യാറില്ല. വ്യക്തിഹത്യ നടത്തുന്നതല്ല രാഷ്ട്രീയമെന്നും ജി സുധാകരന്‍ പറഞ്ഞു.

യുഡിഎഫില്‍ ആരോടും താന്‍ പിന്തുണ തേടിയിട്ടില്ല, യുഡിഎഫില്‍നിന്ന് ആരും തന്റെ പിന്തുണയും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. പൂര്‍ണസ്വതന്ത്രനായി മത്സരിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരുതരത്തിലും പരിഗണിക്കാതിരുന്നിട്ടില്ലെന്ന ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ പ്രതികരണത്തെ കുറിച്ചും ജി സുധാകരന്‍ പ്രതികരിച്ചു. ഏതാനും വര്‍ഷം മുമ്പ് മാത്രമാണ് നാസര്‍ പാര്‍ട്ടി സെക്രട്ടറി ആയത്. അതിന് മുമ്പുള്ള കാര്യം പറയാന്‍ അദ്ദേഹത്തിന് എന്ത് കാര്യമാണെന്നായിരുന്നു ജി സുധാകരന്റെ മറുപടി.

Content Highlights: H Salam about G Sudhakaran s remarks about him

dot image
To advertise here,contact us
dot image